വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസ്

വാഷിങ്ടണ്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് യു.എസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റിന്റേതാണ് ആരോപണം. ജോര്‍ണല്‍ പത്രത്തിലൂടെയാണ് ആരോപണം ഉന്നയിച്ചത്. വാനാക്രൈ ആക്രമണത്തിന്റെ പേരില്‍ യു.എസ് ആദ്യമായാണ് ഒരു രാജ്യത്തിനെതിരേ ആരോപണം ഉന്നയിക്കുന്നത്.

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള തന്റെ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബൊസെര്‍ട്ട് പറഞ്ഞു. വാനാക്രൈ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഉത്തര കൊറിയയ്ക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉത്തരകൊറിയയുടെ സൈബര്‍ സ്വാധീനം കുറയ്ക്കുന്നതിന് സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കുമെന്നും ബൊസെര്‍ട്ട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് നേരത്തെ ബ്രിട്ടനും മൈക്രോസോഫ്റ്റും ആരോപിച്ചിരുന്നു.

150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തില്‍ തകര്‍ന്നത്. ഇത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകള്‍ക്കു നേരെയായിരുന്നു ആക്രമണം. കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ വൈറസുകളുടെ സഹായത്തോടെ ലോക്ക് ചെയ്യുകയും അത് തുറന്ന് നല്‍കാന്‍ പണം ആവശ്യപ്പെട്ടുമായിരുന്നു വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണം.