രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെ എത്തിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി∙ കേസുകളിൽ വിചാരണ നേരിടുന്നതിൽനിന്നു രക്ഷപ്പെടാൻ രാജ്യംവിട്ട എല്ലാ കുറ്റവാളികളെയും തിരികെയെത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. പ്രതികളായവരെ നിയമത്തിനു മുന്നിൽ തിരികെ എത്തിക്കണം. കഴിഞ്ഞ കുറച്ചുനാളുകളായി ഇത്തരത്തിൽ രാജ്യം വിടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

നിയമം എല്ലാവർക്കും ബാധകമാണെന്ന് വ്യക്തമാക്കാൻ ഇവരെ ഇന്ത്യയിലെത്തിക്കേണ്ടത് ആവശ്യമാണ്. ക്രിമിനൽ കേസിൽ പ്രതിയായ ലണ്ടനിലേക്ക് കടന്ന വനിത വ്യവസായി റിതിക അവാസ്റ്റിയെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണം. രോഗിയായ ഭർത്താവിനെ സന്ദർശിക്കാനെന്നു പറഞ്ഞ് സുപ്രീംകോടതിയുടെ അനുവാദത്തോടെയാണ് റിതക ലണ്ടനിലേക്കു പോയത്. അവർ പിന്നീട് തിരികെയെത്തിയില്ല. ഇവരുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ തങ്ങളുടെ കൈവശമില്ലെന്നും അതിനാൽ അതു റദ്ദാക്കുന്ന നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നും സോളിസ്റ്റർ ജനറൽ രഞ്ജിത് കുമാർ കോടതിയെ അറിയിച്ചു. എന്നാൽ, രാജ്യംവിട്ട റിതികയെ തിരികെയെത്തിച്ച് നിയമത്തിനു മുന്നിൽ ഹാജരാക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് കോടതി തിരിച്ചടിച്ചു.