മാവോയിസ്‌റ്റുകളെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് മാർച്ച്

മലപ്പുറം ∙ നിലമ്പൂർ കരുളായി വനത്തിൽ രണ്ടു മാവോയിസ്‌റ്റുകളെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ് മാർച്ച് നടത്തി. പൊലീസിനും സർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് മാർച്ചിലും ധർണയിലുമുയർന്നത്. കേരളം ഭരിക്കുന്നത് ഫാസിസ്‌റ്റുകളല്ല, ഇടതുപക്ഷമാണെന്നും ഇടതുയുവജന സംഘടനകളുടെ ചോരയിൽ നനഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ആശയത്തെ തോക്കുകൊണ്ട് നേരിടുന്നത് നോക്കിനിൽക്കില്ലെന്നും മാർച്ച് ഉദ്‌ഘാടനം ചെയ്‌ത ജില്ലാ സെക്രട്ടറി പി.ടി.ഷറഫുദ്ദീൻ പറഞ്ഞു.

മാവോയിസ്‌റ്റുകളെ സംരക്ഷിക്കാൻ വേണ്ടിയല്ല, ജീവിക്കാനുള്ള അവകാശം നിലനിർത്താനാണ് എഐവൈഎഫിന്റെ സമരം. അടിയന്തരാവസ്‌ഥക്കാലത്ത് മർദനമേറ്റയാൾ മുഖ്യമന്ത്രിയായ സംസ്‌ഥാനം മാവോയിസ്‌റ്റുകളെ അന്തസ്സോടെ കൈകാര്യം ചെയ്യണം. കൊടിഞ്ഞിയിലെ ഫൈസൽ വധത്തിലും പെരുമ്പാവൂരിലെ ജിഷ വധത്തിലും ഷൊർണൂരിലെ സൗമ്യ വധത്തിലും ഉൾപ്പെട്ടവരെ പൊലീസ് എവിടെയാണു വെടിവച്ചത്. കലക്‌ടറേറ്റ് സ്‌ഫോടനക്കേസിലും ഉരുണ്ടുകളി തുടരുകയാണ്.

മലപ്പുറത്തുൾപ്പെടെ ഹിന്ദു ഐക്യവേദി പരിപാടികളിൽ കെ.പി.ശശികല നടത്തുന്ന വർഗീയ പ്രചാരണത്തെ എങ്ങനെയാണ് നേരിട്ടതെന്നു പൊലീസ് വ്യക്‌തമാക്കണം. പൊലീസല്ല, മന്ത്രിസഭ കൂടിയാണ് പൊലീസിന്റെ നയവും നടപടികളും തീരുമാനിക്കേണ്ടത്. ഡിങ്കനും മായാവിയും വായിക്കുന്ന കുട്ടികൾ പോലും വിശ്വസിക്കാത്ത കഥയുമായി പൊലീസ് വന്നാൽ വിശ്വസിക്കാൻ പ്രയാസമാണെന്നും ഷറഫുദ്ദീൻ പറഞ്ഞു. മാർച്ച് സിവിൽ സ്‌റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു.