കാണാതായവരെ കണ്ടെത്തും;ഓഖി ദുരന്തബാധിതര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തബാധിതരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കാണാതായവരെ കണ്ടെത്തുമെന്ന് ബന്ധുക്കള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കി. രാജ്യം മുഴുവന്‍ തീരദേശവാസികള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം മത്സ്യത്തൊഴിലാളികളോട് പറഞ്ഞു. ക്രിസ്മസിന് മുമ്പ് എല്ലാവരെയും എത്തിക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെ എല്ലാ അടിയന്തിര സംവിധാനങ്ങളും ഉപയോഗിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു. ആഴക്കടലില്‍ അകപ്പെട്ടുപോയവര്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ടു. അവര്‍ വീണ്ടും മത്സ്യബന്ധത്തിനായി പോകുന്നതായും മനസിലാക്കാന്‍ സാധിച്ചു. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മോദി ഉറപ്പുനല്‍കി. മത്സ്യത്തൊഴിലാളികളുടെ ദുഖത്തില്‍ പങ്കെടുക്കാനാണ് താന്‍ എത്തിയതെന്നും എല്ലാവിധ സഹകരണങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും പൂന്തുറയിലെത്തിയിരുന്നു. പൂന്തുറ കമ്മ്യൂണിറ്റി ഹാളിലായിരുന്നു പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളെ കണ്ടത്. തിരുവനന്തപുരത്തെ വിവിധ തീരപ്രദേശത്തുള്ള മത്സ്യത്തൊഴിലാളികളെ പൂന്തുറയിലെത്തിച്ചിരുന്നു.

നേരത്തെ കന്യാകുമാരിയിലെത്തിയ മോദി, ഇവിടുത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 4047 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

അതിനിടെ, പൂന്തുറയിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍നിന്നു ദുരന്തനിവാരണ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കിയത് വിവാദമായി. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല. അതേസമയം, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും പട്ടികയില്‍ ഇടം നേടി.