ഇന്ത്യ ലോകോത്തര ശക്തിയാണെന്ന് അംഗീകരിച്ച് യുഎസിന്റെ ദേശീയ സുരക്ഷാനയം

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇന്ത്യ ലോകോത്തര ശക്തിയാണെന്നും അംഗീകരിച്ച് യുഎസിന്റെ ദേശീയ സുരക്ഷാനയം. അതേസമയം പാകിസ്താനോട് ഭീകരതയുടെ വേരുകള്‍ അറുത്തു മാറ്റണമെന്ന മുന്നറിയിപ്പും യുഎസ് നല്‍കി. ഇന്ത്യയുമൊത്തുള്ള പ്രതിരോധ പങ്കാളിത്തത്തെ യുഎസ് അംഗീകരിച്ചു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചൈനയുടെ സ്വാധീനം ശക്തമാകുന്നതിന്റെ ആശങ്കയും യുഎസ് പങ്കുവച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷയൊരുക്കുന്നതില്‍ ഇന്ത്യയുടെ നേതൃത്വ ചുമതലയെ അംഗീകരിക്കുന്നു. ചൈനയുടെ ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതിയും ചൈന-പാക്കകിസ്താന്‍ സാമ്പത്തിക ഇടനാഴിയും യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ശ്രീലങ്കയിലും മാലദ്വീപിലും ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഇടപെടുന്നതും യുഎസ് ശ്രദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ തെക്കനേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള എല്ലാ സഹായങ്ങളും തങ്ങളില്‍ നിന്നുണ്ടാകുമെന്നും സുരക്ഷാനയം പറയുന്നു.

സാമ്പത്തിക ഇടനാഴി പാക് അധീന കശ്മീരിലൂടെയായതിനാല്‍ ഇന്ത്യ എതിര്‍ക്കുകയാണ്. ഇതാണ് യുഎസിന്റെ ഇന്ത്യാ പിന്തുണയ്ക്കു കാരണം. ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയുമൊത്തുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നീക്കമുണ്ടാകുമെന്നും 68 പേജുള്ള നയത്തില്‍ യുഎസ് വ്യക്തമാക്കുന്നു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ സ്വാധീനം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണു നയം. പ്രതിരോധ മേഖലയിലും സുരക്ഷയിലും ഇന്ത്യയുമായി തുടരുന്ന ബന്ധം ശക്തമാക്കും. ഇന്തോ-പസിഫിക് മേഖലയിലെ എല്ലാം രാജ്യങ്ങള്‍ക്കും പിന്തുണയെന്നതാണ് യുഎസ് നയം.

വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും അവരുടെ രാജ്യത്തെ ജനങ്ങളെയും ഉദ്യോഗസ്ഥരെയുംതന്നെ ഇല്ലാതാക്കും വിധം സഹായം നല്‍കുന്ന പാക്കിസ്ഥാന്‍ രീതിയെ യുഎസ് വിമര്‍ശിച്ചു. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം യുഎസ് ശക്തമാക്കണം. രാജ്യത്തെ ആണവശേഖരത്തെപ്പറ്റി കരുതലുണ്ടാകണമെന്ന മുന്നറിയിപ്പും പാക്കിസ്ഥാനു നല്‍കുന്നുണ്ട്.

ആണവയുദ്ധത്തിലേക്കു വരെ നയിക്കാവുന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെപ്പറ്റിയും യുഎസ് ആശങ്കാകുലരാണ്. ഇതൊഴിവാക്കാന്‍ നിരന്തരമായ നയതന്ത്ര ഇടപെടല്‍ ഉറപ്പാക്കും. പാകിസ്താനില്‍ ഭീകരത വളരുന്നത് അമേരിക്കയുടെ സുരക്ഷയ്ക്കും തിരിച്ചടിയാണ്. ആണവ സാങ്കേതികവിദ്യ ഭീകരര്‍ക്കു ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരണം. പാകിസ്താനില്‍നിന്ന് രാജ്യാന്തര ഭീകരവാദത്തിനു ശ്രമിക്കുന്നവരോടുള്ള ജാഗ്രത തുടരുമെന്നും യുഎസ് നയം വ്യക്തമാക്കി.