കനത്ത സുരക്ഷയില്‍ ആര്‍കെ നഗറില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 256 കേന്ദ്രങ്ങളിലായി നടക്കുന്ന വേട്ടെടുപ്പ് കനത്ത സുരക്ഷയിലാണ്.അണ്ണാ ഡിഎംകെയുടെ ഇ മധുസൂദനനും, ഡിഎംകെയുടെ മരുത് ഗണേശും സ്വതന്ത്രനായി രംഗത്തുള്ള അണ്ണാഡിഎംകെ വിമതപക്ഷത്തെ ടിടിവി ദിനകരനും തമ്മിലാണ് പ്രധാനമായും മത്സരം. 24നാണ് വോട്ടെണ്ണല്‍.

സിക്കന്ദ്ര(യുപി), സബാംഗ്(പശ്ചിമബംഗാള്‍), പാക്കേ കസാംഗ്, ലിക്കാബലി(അരുണാചല്‍ പ്രദേശ്) എന്നിവിടങ്ങളിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അവസാനനാളുകളിലെ ആശുപത്രി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐഎഡിഎംകെ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ പക്ഷനേതാവായ പിവി വെട്രിവേല്‍ ആണ് ജയലളിതയുടെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ഏപ്രില്‍ പത്തിനായിരുന്നു ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്, എന്നാല്‍ പ്രചരണത്തിനിടെ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമം കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. ദിനകരന്‍ പക്ഷത്തെ നേതാക്കളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. നേരത്തെ രണ്ടില ചിഹ്നത്തിനായി ടിടിവി ദിനകരന്‍ അവകാശവാദമുന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണപക്ഷത്തിന് അനുവദിക്കുകയായിരുന്നു.