ജയില്‍ ആക്രമിച്ച് ഖലിസ്ഥാന്‍ ഭീകരനെ രക്ഷപ്പെടുത്തി

ചണ്ഡീഗഡ് : പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് തടവുകാരെ രക്ഷപ്പെടുത്തി. ഖലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മിന്ദര്‍ സിങ് മിന്റൂവടക്കം അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നീ അധോലോക കുറ്റവാളികളാണ് ഹര്‍മിന്ദറിനെ കൂടാതെ രക്ഷപ്പെട്ട മറ്റു നാലുപേര്‍. നിരവധി കേസുകളില്‍ പ്രതിയായ കൊടും കുറ്റവാളികളാണിവര്‍.

പൊലീസ് വേഷം ധരിച്ചെത്തിയ 10 പേരടങ്ങിയ സായുധസംഘമാണ് ആക്രമണം നടത്തിയത്. സായുധ സംഘം പൊലീസിനുനേര്‍ക്ക് 100 തവണയോളം വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെട്ട കുറ്റവാളികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി.

നിരോധിത ഭീകരസംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്റെ നേതാവ് ഹര്‍മിന്ദര്‍ സിങ്ങിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഹര്‍മിന്ദര്‍ സിങ്ങിനെ ഉപയോഗിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നു. അതിനാല്‍തന്നെ അതീവ സുരക്ഷയുള്ള നാഭ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നത്.