നെല്‍വയല്‍ നികത്തല്‍ ജാമ്യമില്ലാ കുറ്റമാകുന്നു

തിരുവനന്തപുരം: 2008 ന് മുന്‍പുള്ള നിലംനികത്തല്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നു. ഇനി മുതല്‍ നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം.

വീടുവെക്കാനുള്ള തടസ്സങ്ങള്‍ നീക്കിക്കൊണ്ടായിരിക്കും ഭേദഗതി. അതേസമയം, കൃഷി ചെയ്യാതെ വെറുതെയിട്ടിരിക്കുന്ന തരിശ് ഭൂമി ഏറ്റെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന വകുപ്പുകളും പുതിയ ഭേദഗതിയില്‍ ഉള്‍പ്പെടുത്തും.

നിലവില്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫിസറോ വില്ലേജ് ഓഫിസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച് രക്ഷപ്പെടാം. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസിന് നേരിട്ട് കേസെടുക്കാം. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും.

അതേസമയം, വീടുവയ്ക്കാനായി 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ 100 ചതുരശ്ര മീറ്റര്‍ വരെ ഇളവുണ്ട്.