ആദര്‍ശ് അഴിമതി: അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: 2ജിക്കു പിന്നാലെ ആദര്‍ശ് അഴിമതിക്കേസിലും കോണ്‍ഗ്രസിന് ആശ്വാസം. കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി പ്രഖ്യാപിച്ചു. ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ ക്ക് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ നല്‍കിയിരുന്ന അനുമതി കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ രഞ്ജിത് മോര്‍, സാധന ജാദവ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവിനെതിരെ ചവാന്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. അശോക് ചവാനെതിരെ പുതിയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വിചാരണയ്ക്ക് അനുമതി വേണമെന്നും കാട്ടി സി.ബി.ഐ നല്‍കിയ അപേക്ഷ അംഗീകരിച്ച ഗവര്‍ണ്ണര്‍ സി വിദ്യാസാഗര്‍ റാവു മന്ത്രിസഭയുടെ ശുപാര്‍ശ കൂടി പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു. നേരത്തെ സി.ബി.ഐ നല്‍കിയ അപേക്ഷ മുന്‍ ഗവര്‍ണ്ണര്‍ ആര്‍ ശങ്കരനാരായണന്‍ നിഷേധിച്ചിരുന്നു.

കാര്‍ഗില്‍ യൂദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകള്‍ക്കായി നിര്‍മ്മിച്ച് ഫ്‌ളാറ്റുകള്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നല്‍കി എന്നാണ് ചവാനെതിരെയുള്ള കേസ്. ഗൂഢാലോചന വിശ്വാസ വഞ്ചന ഉളപ്പെടെയുള്ള വകുപ്പുകളാണ് ചവാനെതിരെ ചുമത്തിയിരിക്കുന്നത്.

2010ല്‍ ആദര്‍ശ ഫ് ളാറ്റ് കുംഭകോണ ആരോപണത്തെ തുടര്‍ന്നാണ് അശോക് ചവാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. 2012 മുതല്‍ സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ അശോക് ചവാന്‍ ഉള്‍പ്പെടെ 13 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.