ആധാറുമായി ബന്ധിപ്പിച്ച് തട്ടിയെടുത്ത സബ്‌സിഡി പണം പലിശ സഹിതം തിരികെ നല്‍കുമെന്ന് എയര്‍ടെല്‍

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ അറിയാതെ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് മാറ്റിയ 190 കോടി രൂപയുടെ പാചക വാതക സബ്സിഡി പലിശ സഹിതം തിരികെ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ കമ്പനി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷനെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 31 ലക്ഷം ഉപഭോക്താക്കളുടെ സബ്‌സിഡി പണമാണ് സ്വന്തം പേയ്‌മെന്റ് ബാങ്കിലേക്ക് എയര്‍ടെല്‍ മാറ്റിയത്.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന സമയത്ത് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ പേയ്‌മെന്റ്‌സ് ബാങ്കിലും അക്കൗണ്ട് തുടങ്ങുകയായിരുന്നു. അവസാനം ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് സബ്‌സിഡി പണം മാറുമെന്നതിനാല്‍ ഉപഭോക്താക്കള്‍ അറിയാതെ തന്നെ പണം എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് മാറി. 190 കോടിയോളം രൂപയാണ് ഇത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് എയര്‍ടെലിന് ലഭിച്ചത്.