ബഹ്‌റൈനിലെത്തിയ മുന്‍മുഖ്യമന്ത്രിഉമ്മന്‍ചാണ്ടി പ്രവാസികള്‍ക്കിടയിലും ജനകീയനായി

മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്‌റൈനിലെത്തിയ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ചാണ്ടി പ്രവാസികള്‍ക്കിടയിലും ജനകീയനായി. മുന്‍കൂട്ടി അറിയിച്ചതും അല്ലാതെയുമായി കഴിഞ്ഞ ദിവസം 30 പരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്.

ഇതിനിടെ ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ ദെയ്ജ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ രാഷ്ട്ര നേതാക്കളുമായി പങ്കുവെച്ചതായി അദ്ദേഹം അറിയിച്ചു.

കേരളീയരായ പ്രവാസികള്‍ ബഹ്‌റൈന്റെ വളര്‍ച്ചയിലും അഭിവൃദ്ധിയിലും വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. കേരളവും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ആഴത്തില്‍ വേരുകളുള്ളതും ചരിത്രപരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ തീരങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ അതീവ ദുഃഖം പ്രകടിപ്പിച്ച ക്രൗണ്‍പ്രിന്‍സ് കോര്‍ട്ട് ദുരിതമനുഭവിക്കുന്ന തീരദേശവാസികള്‍ക്കു സഹായം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.ഒ.ഐ.സി.സി ഗ്ലോബല്‍ ജന. സെക്രട്ടറി രാജു കല്ലുമ്പുറം, ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ബോബി പാറയില്‍, സന്തോഷ് കാപ്പില്‍ തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ബുധനാഴ്ച അര്‍ധാരാത്രി എയര്‍പോര്‍ട്ടിലെത്തിയ ഉമ്മന്‍ചാണ്ടിയെ ഒ.ഐ.സി.സി, കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിലുള്ള നിരവധി പേര്‍ സ്വീകരിച്ചു. തുടര്‍ന്ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ അദ്ദേഹം സംബന്ധിച്ചു.നാട്ടിലേക്ക് പുറപ്പെടും മുന്‍പ് ബഹ്‌റൈനിലെ ഒ.ഐ.സി.സിയുമായി ബന്ധപ്പെട്ട സംഘടനാ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെടും. ഔദ്യോഗിക ഘടകവുമായി വിട്ടു നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ അന്വേഷിച്ച് അത് കെ.പി.സി.സിക്ക് കൈമാറുമെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു.

കാലത്ത് ബഹ്‌റൈന്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശനം നടത്തിയ ഉമ്മന്‍ചാണ്ടി ബഹ്‌റൈന്‍ കെ.എം.സി.സി, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫ്രന്‍സ് അസോസിയേഷന്‍, സെന്റ് മേരീസ് ചര്‍ച്ച്, ഷിഫാ ഹോസ്പിറ്റല്‍, സി.എസ്.ഐ ചര്‍ച്ച്, പുതുപ്പള്ളി അസോസിയേഷന്‍, എസ്.എന്‍.സി.എസ്, കോട്ടയം ജില്ലാ, ഒ.ഐ.സി.സി യൂത്ത് വിങ്ങ്, ഫിലിം ഫെസ്റ്റിവല്‍, സെന്റ് പോള്‍സ് ചര്‍ച്ച്, ഒ.ഐ.സി.സി ഓഫിസ്, കെ.സി.എ, മാര്‍ത്തോമാ ചര്‍ച്ച്, ആര്‍.എസ്.സി എന്നിവര്‍ സംഘടിപ്പിച്ച പരിപാടികളിലും പങ്കെടുത്തു.