ഹിമാചലില്‍ തര്‍ക്കമൊഴിയാതെ ബി.ജെ.പി

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ദൂമല്‍ പരാജയപ്പെട്ടതോടെ പകരം മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും നരേന്ദ്രതോമറും സംസ്ഥാനത്തെത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തികാട്ടിയ പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയും ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ചെടുക്കണമെന്നുമാണ് വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

അതേസമയം അഞ്ചു തവണ എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജെയ്‌റാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് സമവായമെന്ന നിലയില്‍ കേന്ദ്ര പ്രതിനിധികളായ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര നഗരാസൂത്രണ മന്ത്രി നരേന്ദര്‍ സിങ് തോമര്‍ എന്നിവരുടെ നേതൃത്വത്തില്‍ മാരത്തോണ്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈസമയം, ചര്‍ച്ച നടന്ന ഹോട്ടലിനു മുന്നില്‍ ഇരുവിഭാഗങ്ങളുടേയും അനുയായികള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

തോറ്റെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയുടെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ധുമല്‍ ആണെന്നാണ് അനുയായികള്‍ പറയുന്നത്. അതിനാല്‍ വിജയിച്ച എം.എല്‍.എമാരില്‍ ഒരാള്‍ രാജിവെച്ച ശേഷം ധുമാലിനെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നാണ് അനുയായികളുടെ ആവശ്യം.