ഓഖി ദുരന്തമനുഭവിച്ച സഹോദരങ്ങളോട്ഒപ്പം നിന്നുകൊണ്ട് ആവട്ടെ ഈ വര്‍ഷത്തെ ക്രിസ്മസെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തില്‍ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോടു ചേര്‍ന്നു നിന്നു കൊണ്ടാവട്ടെ, ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് ആശംസയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മനുഷ്യത്വത്തിന്റെ മഹത്വമാര്‍ന്ന മൂല്യങ്ങള്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനുമുളള സന്ദര്‍ഭമാവണം ക്രിസ്മസ്. ഒരു വേര്‍തിരിവും കൂടാതെ മനുഷ്യരെയാകെ സ്‌നേഹിച്ചു യേശു ക്രിസ്തു. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യ മനസുകളാകെ ഒരുമിക്കുമ്പോഴാണ് ക്രിസ്തു സന്ദേശം സഫലമാവുക. ഏറ്റവും എളിയവരോടും സമൂഹം ഭ്രഷ്ടു കല്‍പ്പിച്ചവരോടും ഒപ്പമായിരുന്നു എന്നും എപ്പോഴും യേശു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതതിയോട് ചേര്‍ന്നു നിന്നും അവരെ ഉള്‍ക്കൊണ്ടും വേണം ക്രിസ്മസ് ആഘോഷിക്കേണ്ടത്. നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്ന യേശുവിന്റെ വാചകം മനസ്സിലുണ്ടാവണം. വിശക്കുന്നവരെ കുറിച്ചു കരുതലുണ്ടാവണം. അവരെ ഊട്ടാന്‍ മനസുണ്ടാവണം. ഓഖി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാത്ത ഈ ഘട്ടത്തില്‍ ആ ദുരന്തമനുഭവിച്ച സഹോദരങ്ങളോടു ചേര്‍ന്നു നിന്നു കൊണ്ടാവട്ടെ, ഈ വര്‍ഷത്തെ നമ്മുടെ ക്രിസ്മസ്. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍!