അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി. ടി.ടി.വി ദിനകരനെ പിന്തുണച്ച ആറ് പാര്‍ട്ടി ഭാരവാഹികളെ പുറത്താക്കി

ചെന്നൈ: ആര്‍കെ നഗറിലെ തോല്‍വിയെ തുടര്‍ന്ന് അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി. ടി.ടി.വി ദിനകരനെ പിന്തുണച്ച ആറ് പാര്‍ട്ടി ഭാരവാഹികളെ പുറത്താക്കി. ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. യോഗത്തില്‍ നിന്ന് മൂന്നു മന്ത്രിമാര്‍ വിട്ടു നിന്നു.

40,707 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദിനകരന്‍ ജയിച്ചത് അണ്ണാ ഡിഎംകെ ക്യാമ്പിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. മൂന്നു മാസത്തിനകം സര്‍ക്കാരിനെ താഴെയിറക്കുമെന്നും ദിനകരന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെയും ഉപമുഖ്യന്‍ ഒ.പനീര്‍സെല്‍വത്തിന്റെയും നേതൃത്വത്തിലുള്ള അടിയന്തരയോഗം.

പുറത്താക്കിയവരില്‍ രണ്ടു പേര്‍ ദിനകരന്റെ അടുത്ത അനുയായികളാണ്. അണ്ണാ ഡിഎംകെ ചെന്നൈ ജില്ലാ സെക്രട്ടറി പി.വെട്രിവേല്‍, തേനി ജില്ലാ സെക്രട്ടറി തങ്കതമിഴ് സെല്‍വന്‍ എന്നിവരെയാണു പുറത്താക്കിയത്. എന്നാല്‍ പുറത്താക്കിയവരെല്ലാം തന്നെ നേരത്തേ ദിനകരനു പിന്തുണ പ്രഖ്യാപിച്ചവരാണ്. ഇരുവിഭാഗമായി പിരിഞ്ഞെങ്കിലും ദിനകരനെ പിന്തുണയ്ക്കുന്ന പലരും ഇപ്പോഴും പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലുണ്ട്.

മധുര ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്ന് ദിനകരനു വേണ്ടി പ്രചാരണത്തിനായി അണികള്‍ എത്തിയെന്ന വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയും നടപടിക്കു തീരുമാനമുണ്ട്.