ഓഖി:തിരിച്ചെത്താനുള്ളത് 200ലധികം മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തെ കണ്ണീരോടെയാണ് തീരദേശവാസികള്‍ വരവേറ്റത്. കറുത്ത കൊടികളും മരിച്ചവരുടെ ചിത്രങ്ങളുമായിരുന്നു ഇവിടെ കാണാന്‍ കഴിഞ്ഞത്. തിരികെയെത്താത്തവരെ കുറിച്ചുള്ള ആധി വേറെയും. അതേസമയം ഓഖിയില്‍ നിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയ 58 പേര്‍ പൂന്തുറ പള്ളിയില്‍ ഇന്നലെ പാതിരാ കുര്‍ബാനയില്‍ കാഴ്ചകള്‍ സമര്‍പ്പിച്ചു. വള്ളവും ഗ്‌ളോബും ബലിയുടെ പ്രതീകങ്ങളായി ഇവര്‍ സമര്‍പ്പിച്ചു. പുല്‍ക്കൂടും കേക്കും ആഘോഷവുമില്ലാതെ പ്രാര്‍ഥന പൂര്‍ത്തിയാക്കി. വിഴിഞ്ഞം സിന്ധുയാത്ര മാതാ പള്ളിയിലെ തിരുനാളിന്റെയും ആഘോഷങ്ങള്‍ ഒഴിവാക്കി. നഗരങ്ങളിലെ ആഘോഷത്തിലും കുറവുണ്ടായി.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. 200ലധികം പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.  കൊച്ചിയില്‍ നിന്ന് പോയ ഒന്‍പതു ബോട്ടുകളാണ് തിരിച്ചെത്താത്തത്. ഇതില്‍ ആറെണ്ണം തകരുകയും മൂന്നെണ്ണം കാണാതാകുകയും ചെയ്തു. 15 മലയാളികള്‍ ഉള്‍പ്പെടെ 92 മല്‍സ്യത്തൊഴിലാളികള്‍ ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടുകാരാണ് ഏറെയും. അസം, ആന്ധ്ര സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്.

ഓഖി ചുഴലിക്കാറ്റില്‍പെട്ട 207 മത്സ്യത്തൊഴിലാളികളെ (165 പേര്‍ മലയാളികള്‍) ഇനിയും കണ്ടെത്താനുണ്ടെന്നാണു കഴിഞ്ഞദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. 132 മലയാളികളുള്‍പ്പെടെ കാണാതായ 174 തൊഴിലാളികളുടെ പേരില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ അതുമില്ല. വ്യോമ, നാവിക സേനകളുടെ തിരച്ചില്‍ തുടരുന്നു. ഇതുവരെ 74 പേര്‍ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. കണ്ടെത്താനുള്ളവരില്‍ ഭൂരിപക്ഷവും 50 വയസ്സില്‍ താഴെയുള്ളവരാണ്. 36 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍, 32 മൃതദേഹങ്ങള്‍ ആരുടെതെന്നു വ്യക്തമായിട്ടില്ല.

അതേസമയം ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്ക് വ്യത്യസ്തമാണ്. 317 മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്ന് സഭ പറയുന്നു. തിരുവനന്തപുരത്തുനിന്നു ചെറുവള്ളങ്ങളില്‍ പോയ 88 പേരും വലിയ ബോട്ടുകളില്‍ പോയ 44 പേരും കൊച്ചി, തൂത്തൂര്‍ മേഖലയില്‍നിന്നു 185 പേരുമാണ് വരാനുള്ളത്.