കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പുകളില്‍ രഹസ്യ ചിപ്പും ക്യാമറയുമുണ്ടെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: കുല്‍ഭൂഷണ്‍ ജാധവിനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഭാര്യ ചേതന ധരിച്ച ചെരുപ്പുകളില്‍ രഹസ്യചിപ്പും ക്യാമറയും ഉണ്ടെന്ന് പാകിസ്താന്‍. ഇതേ തുടര്‍ന്ന് ചെരുപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. ചെരുപ്പില്‍ സംശയകരമായ എന്തോ ഉണ്ടെന്ന് ആരോപിച്ചാണ് പാക്ക് അധികൃതര്‍ പിടിച്ചുവച്ചത്. രഹസ്യ ചിപ്പോ ക്യാമറയോ ആണ് ചെരിപ്പിലുള്ളതെന്ന നിഗമനം പരിശോധിക്കാനാണ് ഇതെന്നും അറിയുന്നു.

കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു. കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരുപ്പുകളും നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ഇരുവരെയും പാക് അധികൃതര്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിച്ചെന്നും മറ്റുമുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചിരുന്നു. ചെരിപ്പുകള്‍ തിരികെ നല്‍കാത്ത പാകിസ്താന്‍ നടപടിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ഹാഷ് ടാഗുകളും സജീവമാണ്.

തിങ്കളാഴ്ച ക്രിസ്മസ് ദിനത്തിലായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും കണ്ടത്. പാകിസ്താന്‍ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച ഇന്ത്യ, കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാകിസ്താന്‍ ലംഘിച്ചുവെന്നും പറഞ്ഞു. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചിരുന്നു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചുമില്ല. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാകിസ്താന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. 22 മാസത്തിനു ശേഷമാണു ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്.