ജോസഫ്‌ പുലിക്കുന്നേല്‍: ഓര്‍മയായത്‌ മലയാളത്തിന്റെ മാര്‍ട്ടിന്‍ ലൂഥര്‍

ടൈറ്റസ്‌ കെ.വിളയില്‍

ക്രൈസ്തവ വിശ്വാസത്തെ മുറുകെ പിടിച്ചപ്പോഴും കത്തോലിക്ക സഭയ്ക്കകത്തെ അനാചാരങ്ങളെയും സാമ്പ്രദായിക രീതികളെയും വിമര്‍ശിച്ച്‌ കടന്നു പോയ ജോസഫ്‌ പുലിക്കുന്നേല്‍ മലയാളത്തിന്റെ മാര്‍ട്ടിന്‍ ലൂഥര്‍ ആയിരുന്നു.
മതനവീകരണത്തിലൂടെ “മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വിപ്ലവം” എന്നു ‘ടൈം മാഗസിന്‍’ വിശേഷിപ്പിച്ച പ്രൊട്ടസ്റ്റന്റ്‌ പ്രസ്ഥാനത്തിന്‌ തുടക്കമിട്ട, ക്രാന്തദര്‍ശിയായ ക്രിസ്ത്യാനിയായിരുന്നു പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ (ജനനം: 10 നവംബര്‍ 1483; മരണം 18 ഫെബ്രുവരി 1546)

റോമന്‍ കത്തോലിക്ക സഭയുടെ വിശ്വാസാചാരങ്ങളില്‍ പലതും ബൈബിളിന്‌ നിരക്കാത്തതാണെന്ന്‌ വാദിച്ച മാര്‍ട്ടിന്‍ ലൂഥര്‍ മാര്‍പ്പാപ്പയുടെ അധികാരത്തേയും ചോദ്യം ചെയ്തു. പാപമോചനത്തിനായി പള്ളിക്ക്‌ സംഭാവനകള്‍ നല്‍കുന്നതിനെ എതിര്‍ത്തു കൊണ്ടായിരുന്നു കത്തോലിക്ക സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്റെ തുടക്കം.ആരാധനയിലും മതപ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും ബൈബിള്‍ ജര്‍മ്മന്‍ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു മാര്‍ട്ടിന്‍ ലൂഥറിന്റെ നവീകരണപ്പോരാട്ടം.

സമാനമായ രീതിയില്‍ കേരളത്തിലെ കത്തോലിക്ക സഭയുടെ പാശ്ചാത്യ മാതൃകയിലുള്ള അധികാരഘടനയോടും അതിന്റെ തലപ്പത്തിരിക്കുന്ന പുരോഹിതനേതൃത്വത്തോടുമായിരുന്നു ജോസഫ്‌ പുലിക്കുന്നേലിന്റേയും കലഹം. കേരളത്തിലെ കത്തോലിക്ക പുരോഹിത വര്‍ഗത്തിന്‌ മാര്‍പാപ്പയോടല്ലാതെ സാധാരണവിശ്വാസികളോടോ രാജ്യത്തെ നിയമവ്യവസ്ഥകളോടോ ഉത്തരവാദിത്തമില്ലെന്നും, രാഷ്ട്രീയ കൊളോണിയലിസത്തിന്റെ തിരോധാനത്തിന്‌ ശേഷവും തുടരുന്ന മതസാമ്പത്തിക കൊളോണിയലിസത്തിന്റെ ഭാഗമാണതെന്നുമാണ്‌ ജോസഫ്‌ പുലിക്കുന്നേല്‍ അന്ത്യശ്വാസം വരെ വാദിച്ചിരുന്നത്‌.

മാര്‍ട്ടിന്‍ ലൂഥര്‍ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഔദ്യോഗിക കത്തോലിക്ക സഭയോട്‌ നടത്തിയ പ്രശസ്തമായ വെല്ലുവിളിയുടെ തുടക്കം ബൈബിളിന്റെ ജര്‍മ്മന്‍ ഭാഷയിലുള്ള വിവര്‍ത്തനം സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു.മാര്‍ട്ടിന്‍ ലൂഥറെ പോലെ ബൈബിളിന്‌ മലയാളത്തില്‍ പുതിയ പരിഭാഷ കൊണ്ടുവന്നത്‌ ജോസഫ്‌ പുലിക്കുന്നേല്‍ ആയിരുന്നു.അതേക്കുറിച്ച്‌ അദ്ദേഹത്തിന്റെ ബന്ധുവും എഴുത്തുകാരനുമായ സക്കറിയ പറയുന്നത്‌ ഇങ്ങനെയാണ്‌:
‘ഓശാന’ മാസികയിലൂടെ കത്തോലിക്ക സഭയുടെ വൈദിക നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള നിരന്തര വിമര്‍ശനങ്ങള്‍ ആരംഭിച്ചു. ഓശാന ബൈബിള്‍ മലയാള ക്രൈസ്തവ ചരിത്രത്തിലും സാഹിത്യ ചരിത്രത്തിലും ഒരു നാഴികക്കല്ലായി മാറി. കേരള കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു പുരോഹിതനിര്‍മിതമല്ലാത്ത ഒരു ബൈബിള്‍ ഗ്രന്ഥം വിശ്വാസികളുടെ ഇടയില്‍ എത്തിച്ചേരുന്നത്‌.വിശ്വാസികളുടെ സ്വതന്ത്രമായ ബൈബിള്‍ വായനയെ കേരള കത്തോലിക്ക സഭ പ്രോത്സാഹിപ്പിച്ചിരുന്നില്ല. (മറ്റ്‌ ക്രിസ്ത്യന്‍സഭകള്‍ അങ്ങനെയായിരുന്നില്ല എന്ന്‌ പ്രത്യേകം പറഞ്ഞുകൊള്ളട്ടെ) പള്ളിയുടെ നാല്‌ മതിലുകള്‍ക്കുള്ളിലെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ ബന്ധനത്തിലായിരുന്നു യേശുവിന്റെ വിമോചന വചനങ്ങളുടെ ജീവിതം. അങ്ങനെ പുരോഹിതരുടെ മാത്രം സ്വകാര്യസ്വത്തായി സൂക്ഷിച്ചിരുന്ന മലയാളം ബൈബിളിന്‌ ജനകീയമായ ഒരു ഇടം നിര്‍മിക്കുന്ന മഹാകര്‍ത്തവ്യമാണ്‌ അപ്പച്ചന്‍( ജോസഫ്‌ പുലിക്കുന്നേലിനെ സക്കറിയ വിളിച്ചിരുന്നത്‌ അങ്ങനെയാണ്‌) ഏറ്റെടുത്തത്‌. എന്‍വി കൃഷ്ണ വാര്യരെയും സ്ക്കറിയ സക്കറിയയെയും പോലെയുള്ള ഭാഷാപണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം സംഘാടനം ചെയ്ത ആ യജ്ഞം അത്യസാധാരണമായ ഒന്നായിരുന്നു. ബൈബിളിന്‌ മതേതരമായ ഒരു ജീവിതം ജോസഫ്‌ പുലിക്കുന്നേല്‍ മലയാളത്തില്‍ സാധ്യമാക്കി. അന്നേവരെ അതു പ്രവേശിച്ചിട്ടില്ലാത്ത കത്തോലിക്കാ ഭവനങ്ങളില്‍ അതു കടന്നുചെന്നു. ഒപ്പം ഒരു സാഹിത്യഗ്രന്ഥമെന്ന നിലയില്‍ ആയിരക്കണക്കിന്‌ അക്രൈസ്തവ കരങ്ങളിലേക്കും അത്‌ എത്തിച്ചേര്‍ന്നു. ഒരുപക്ഷെ ആധുനിക കാലങ്ങളില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകമാണ്‌ ഓശാന ബൈബിള്‍..”(കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച ‘ഏകാന്ത ദൗത്യം’ എന്ന പുസ്തകത്തില്‍ നിന്നും)

1983ലായിരുന്നു ഈ ബൈബിള്‍ വിവര്‍ത്തനത്തിന്‌ ജോസഫ്‌ പുലിക്കുന്നേല്‍ തുടക്കമിട്ടത്‌.1522 സെപ്റ്റംബറിലാണ്‌ മാര്‍ട്ടിന്‍ ലൂഥര്‍ ബബിളിന്റെ ജര്‍മന്‍ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത്‌!(ഈ സാമ്യം യാദൃച്ഛികമാണോ?) ഇത്‌ ‘സെപ്റ്റംബര്‍ ബൈബിള്‍’ എന്ന പേരിലാണ്‌ അറിയപ്പെട്ടത്‌. ‘സെപ്റ്റംബര്‍ ബൈബിളി’ന്‌ വളരെയേറെ ആവശ്യക്കാരുണ്ടായിരുന്നു. 12 മാസത്തിനുള്ളില്‍ രണ്ടു പതിപ്പുകളിലായി ഇതിന്റെ 6,000 പ്രതികള്‍ അച്ചടിക്കപ്പെട്ടു. തുടര്‍ന്നുവന്ന 12 വര്‍ഷക്കാലത്ത്‌ 69 പതിപ്പുകളെങ്കിലും പുറത്തിറങ്ങുകയുണ്ടായി.

അക്ഷരാര്‍ത്ഥത്തില്‍ ക്രൈസ്തവ സഭയിലെ വിപ്ലവകാരിയായിരുന്നു ജോസഫ്‌ പുലിക്കുന്നേല്‍. സ്വതന്ത്രമായ ചിന്തകളും ഉറച്ച നിലപാടുകളുമായിരുന്നു ജോസഫ്‌ പുലിക്കുന്നേലിനെ വേറിട്ട്‌ നിര്‍ത്തിയത്‌. ചട്ടക്കൂടുകളില്‍ നിന്ന്‌ കൊണ്ട്‌ തന്നെ അവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകന്‍ എന്ന നിലയില്‍ ജനശ്രദ്ധ നേടി. എഴുത്തുകാരന്‍, പത്രാധിപര്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.

ഭരണങ്ങാനം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബത്തില്‍ 1932 ഏപ്രില്‍ 14നാണ്‌ ജോസഫിന്റെ ജനനം. മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്ന്‌ സാമ്പത്തികശാസ്ത്രത്തില്‍ ഓണേഴ്സ്‌ ബിരുദമെടുത്ത അദ്ദേഹം 1958 മുതല്‍ 1967 വരെ കോഴിക്കോട്‌ ദേവഗിരി കോളെജില്‍ അധ്യാപകനായിരുന്നു.സഭാ നേതൃത്വത്തിന്‌ എതിരായ തുറന്ന വിമര്‍ശനങ്ങള്‍ കോളെജില്‍ നിന്ന്‌ പുറത്താക്കപ്പെടാന്‍ കാരണമായി. 1975ല്‍ ആരംഭിച്ച ‘ഓശാന’ എന്ന മാസികയിലൂടെ കത്തോലിക്ക സഭയ്ക്കെതിരായ വിമര്‍ശനങ്ങള്‍ അദ്ദേഹം തുറന്നെഴുതി. പാലായില്‍ പൊന്‍കുന്നം വര്‍ക്കി അധ്യക്ഷനായ യോഗത്തില്‍ പ്രഫ. ജോസഫ്‌ മുണ്ടശേരിയാണ്‌ ‘ഓശാന’ ഉദ്ഘാടനം ചെയ്തത്‌.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു ജോസഫ്‌ പുലിക്കുന്നേല്‍. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. 1960ല്‍ കോണ്‍ഗ്രസ്‌ ജില്ലാ എക്സിക്യൂട്ടിവിലുണ്ടായിരുന്ന അദ്ദേഹം 1964ല്‍ കേരള കോണ്‍ഗ്രസ്‌ രൂപീകരിച്ചപ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം ആദ്യസമ്മേളനം നിയന്ത്രിച്ചു. 1965ല്‍ കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.ഗുഡ്‌ സമരിറ്റന്‍ പ്രോജക്ട്‌ ഇന്ത്യയ്ക്കു രൂപം നല്‍കിയ പുലിക്കുന്നേല്‍ പാലാ ഇടമറ്റത്തെ ഓശാനക്കുന്നിലെ വേഡ്‌ ആന്‍ഡ്‌ ഡീഡ്‌ ആശുപത്രി, പാലിയേറ്റീവ്‌ കാന്‍സര്‍ കീയര്‍ ഹോം, ജൂവനെയില്‍ ഡയബറ്റിക്‌ ഹോം എന്നിവയും സ്ഥാപിച്ചു. ക്രിസ്ത്യന്‍ റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റി, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം എന്നിവയും അദ്ദേഹം സ്ഥാപിച്ചു.

സഭയുടെ നിയമക്കുരുക്കുകളില്‍ പെട്ട വിവാഹങ്ങളുടെയും ശവസംസ്കാരങ്ങളുടെയും കാര്‍മികനായിരുന്നു അദ്ദേഹം. 2008ല്‍ ഭാര്യ കൊച്ചുറാണി മരിച്ചപ്പോള്‍ ക്രൈസ്തവാചാരത്തിന്‌ വിരുദ്ധമായി സ്വന്തം വീട്ടുവളപ്പില്‍ ചിതയൊരുക്കി ദഹിപ്പിച്ചു. കൊച്ചുറാണി ഉറങ്ങുന്ന മണ്ണില്‍ തന്നെയും ദഹിപ്പിക്കണമെന്ന ആഗ്രഹം പുലിക്കുന്നേല്‍ മരണപത്രത്തില്‍ കുറിച്ചു. തന്റെ ശേഷക്രിയകള്‍ എങ്ങനെ വേണമെന്ന്‌ മുന്‍കൂട്ടി തീരുമാനിക്കുകയും അത്‌ അച്ചടിച്ച്‌ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്തു.

തന്റെ മരണശേഷം എങ്ങനെയാവണം സംസ്കാരമെന്ന്‌ വ്യക്തമാക്കുന്ന ‘ഒസ്യത്ത്‌’ 2002ല്‍തന്നെ അദ്ദേഹം തയ്യാറാക്കി. സ്വന്തം നിലയില്‍ നടത്തിവന്ന ‘ഓശാന ‘മാസികയിലാണ്‌ ‘എന്റെ ശേഷക്രിയകള്‍’ എന്ന ശീര്‍ഷകത്തില്‍ അദ്ദേഹം ഈ ‘ഒസ്യത്ത്‌’ പ്രസിദ്ധീകരിച്ചത്‌.
ജീവിതത്തില്‍ സുനിശ്ചിതമായ ഒന്നേയുള്ളൂ എന്നും എല്ലാവര്‍ക്കും മരണമെന്നതാണ്‌ ആ ശാശ്വതസത്യമെന്നും വ്യക്തമാക്കി തുടങ്ങുന്ന ‘ഒസ്യത്തില്‍’ ഓരോ സമുദായത്തിന്റേയും ശേഷക്രിയകളേയും ആചാരങ്ങളേയും പരാമര്‍ശിച്ചുകൊണ്ടാണ്‌ പുലിക്കുന്നേല്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നത്‌. സമുദായപ്രകാരമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത്‌ ജീവിച്ചിരിക്കുന്നവര്‍ക്ക്‌ അഭിമാനക്ഷതം ആണെന്ന്‌ വരുന്നതെങ്ങനെയെന്നും മക്കളും ബന്ധുക്കളും ദുഃഖിതരായി ഇരിക്കുന്നതിനാല്‍ മറ്റുള്ളവര്‍ അവരുടെ ഇഷ്ടംപോലെ കാര്യങ്ങള്‍ നടപ്പാക്കുന്നുവെന്നും പറഞ്ഞാണ്‌ ജോസഫ്‌ പുലിക്കുന്നേല്‍ തന്റെ ശവസംസ്കാരം എങ്ങനെ ആയിരിക്കണമെന്ന്‌ നിഷ്കര്‍ഷിച്ചത്‌.അതിപ്രകാരമാണ്‌:
1. മരണശേഷം സാധാരണ ഞാന്‍ ധരിക്കുന്ന ഖദര്‍ വസ്ത്രങ്ങള്‍ മാത്രമേ മൃതദേഹത്തില്‍ ധരിപ്പിക്കാവൂ. ഷൂസ്‌ സോക്സ്‌, ഗ്ലൗസ്‌ എന്നിവ ധരിപ്പിക്കരുത്‌. തലയില്‍ മുടിയും വയ്ക്കരുത്‌.
.2. തലഭാഗത്ത്‌ ആചാരപരമായി കുരിശുവയ്ക്കുന്നതും, തിരി വയ്ക്കുന്നതും ഉപേക്ഷിക്കണം
3. സുഹൃത്തുക്കളോ ബന്ധുക്കളോ സ്ഥാപനങ്ങളോ മൃതദേഹത്തില്‍ റീത്തുവയ്ക്കുന്നതിനെ ഞാന്‍ ശക്തമായി വിലക്കുന്നു
4. ആര്‍ക്കെങ്കിലും മൃതദേഹത്തെ ആചാരപരമായി ബഹുമാനിക്കണം എന്നുണ്ടെങ്കില്‍ സ്വന്തം സ്ഥലത്തുണ്ടായ പൂക്കള്‍ ഉപയോഗിക്കണം. ഇതിനായി പണം ചെലവാക്കരുത്‌.
5. മരിച്ചാല്‍ ഉടനെ പൂവത്തോട്‌ പള്ളി വികാരിയെ അറിയിക്കുക. മൃതദേഹം ഏതെങ്കിലും ആശുപത്രിയുടെ മോര്‍ച്ചറിയില്‍ വയ്ക്കരുത്‌. കഴിയുന്നതും വേഗം മറവുചെയ്യണം.
6. മൃതദേഹം എന്റെ വീടിന്റെ വാരത്തില്‍ വയ്ക്കുക. മറ്റൊരു സ്ഥലത്തും സ്ഥാപനത്തിലും മൃതദേഹം കൊണ്ടുപോകാന്‍ പാടില്ല.
7. മൃതദേഹം എന്റെ കുടുംബവകയായ എന്റെ സ്വന്തം ഭൂമിയില്‍ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക.
8. മറവുചെയ്ത സ്ഥലത്ത്‌ ആചാരപരമായ ഒരു കര്‍മ്മവും നിര്‍വഹിക്കപ്പെടേണ്ടതില്ല. ഏഴ്‌, നാല്‍പത്‌, ആണ്ട്‌ മുതലായ ഒരു ആചാരങ്ങളും നടത്തരുത്‌.
9. മൃതദേഹം മറവുചെയ്ത ശേഷം ്‌അനുശോചന യോഗം നടത്താന്‍ പാടില്ല.
10. സംസ്കാരം നിശ്ചയിച്ചിരിക്കുന്ന കൃത്യസമയത്തു തന്നെ നടത്തണം.

പരേതാത്മാവിന്‌ നിത്യശാന്തി നേരാതേയും
സന്തപ്ത കുടുംബത്തോട്‌ അനുശോചനം അറിയിക്കാതേയും
ഞാന്‍ ഈ സ്മരണാഞ്ജലി ഇവിടെ അവസാനിപ്പിക്കുന്നു.
മതപരവും സാമുഹികവുമായ
അത്തരം ‘ബോധ്യപ്പെടുത്തലുകളോട്‌’
എന്നും കലാപമുണ്ടാക്കിയാണല്ലോ
ജോസഫ്‌ പുലിക്കുന്നേല്‍ എന്ന വേറിട്ട മനുഷ്യ ചേതന
ജീവനോടെ ഇവിടെ വ്യാപരിച്ചിരുന്നത്‌

സക്കറിയയുടെ വാക്കുകള്‍ ഞാന്‍ കടം കൊള്ളട്ടെ
“ജോസഫ്‌ പുലിക്കുന്നേലിന്റെ വിപ്ലവാത്മകമായ ആശയങ്ങളുടെ കാലം ഒരുപക്ഷേ, വന്നെത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. പുലിക്കുന്നേലിന്റെ പരിശ്രമങ്ങളുടെ വിളവെടുപ്പ്‌ ഭാവിയുടെ കരങ്ങളിലാണ്‌ എന്നുവേണം കരുതാന്‍…”