നടി പാര്‍വതിക്കെന്താ കൊമ്പുണ്ടോ? മമ്മൂട്ടിയെന്താ “ബധിരനും മൂങ്ങനു”മാണോ?

ടൈറ്റസ്‌ കെ.വിളയില്‍

നടി പാര്‍വതിയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ അറസ്റ്റില്‍. മമ്മൂട്ടി ഫാന്‍സ്‌ അസോസിയേഷനിലെ അംഗമായ പെയിന്റിംഗ്‌ തൊഴിലാളി പ്രിന്റീയ്ക്കെതിരെ സൈബര്‍ നിയമം 67,67a, ഇന്ത്യന്‍ ശിക്ഷാനിയമം 507,509 വകുപ്പുകള്‍ പ്രകാരമാണ്‌ പൊലീസ്‌ കേസ്‌ ചാര്‍ജ്‌ ചെയ്തിരിക്കുന്നത്‌.ഏഴു വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്നതാണ്‌ ഈ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റം.അതു കൊണ്ടാണ്‌ പ്രിന്റോയെ റിമാന്‍ഡ്‌ ചെയ്തത്‌.കൂടുതല്‍ അറസ്റ്റ്‌ ഉണ്ടാകുമെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തിനെതിരെ നടി പാര്‍വതി 26-ാ‍ം തീയതിയാണ്‌ ഡിജിപിക്ക്‌ പരാതി നല്‍കിയത്‌. ‘കസബ’യെ വിമര്‍ശിച്ചതിന്‌ പിന്നാലെ ഭീഷണിപ്പെടുത്താനും വ്യക്തിഹത്യ നടത്താനും സംഘടിത ശ്രമം നടക്കുന്നു എന്നായിരുന്നു പരാതി.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യപ്പെടുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്‌ തന്റെ പോരാട്ടമെന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ ശക്തമായ നിയമനിര്‍മാണം വേണമെന്നും പാര്‍വതി ‘മനോരമ ന്യൂസി’ന്റെ ‘കൗണ്ടര്‍ പോയിന്റ്‌’ ചര്‍ച്ചയില്‍ പറഞ്ഞു.
അതെ; അങ്ങനെ തന്നെ വേണം
സ്ത്രീവിരുദ്ധതയുടെ പേരില്‍ മമ്മൂട്ടി ചിത്രമായ ‘കസബ’യ്ക്കെതിരെ നടത്തിയ വിമര്‍ശനമാണ്‌ പാര്‍വതിയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന്‌ കാരണമായത്‌. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലെ ‘മുഖാമുഖ’ത്തിലായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഇത്‌ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിയതോടെ പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുയര്‍ന്നു.ഇതിനിടെ വ്യക്തിഹത്യ നടത്താനും അശ്ലീല വാക്കുകളുപയോഗിച്ച്‌ ആക്ഷേപിക്കാനും സംഘടിത ശ്രമമുണ്ടായി എന്നത്‌ നേരാണ്‌.
എന്നാല്‍ പാര്‍വതി നല്‍കിയ കേസിലെ പൊലീസിന്റെ അമിത താല്‍പ്പര്യം കാണുമ്പോള്‍ “പാര്‍വതിക്കെന്താ കൊമ്പുണ്ടോ?”എന്നു ചോദിക്കാതിരിക്കാനാവില്ല.
കാരണം പാവപ്പെട്ട നിരവധി സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ ‘കൊത്തിപ്‌ പറിച്ച’വര്‍ക്കെതിരെ എത്രയോ പരാതികള്‍ സംസ്ഥാനത്തെ പൊലീസ്‌ സ്റ്റേഷനുകളില്‍ ദിവസവും വരുന്നുണ്ട്‌. “ഫെയ്സ്‌ ബുക്കില്‍ നിന്നും വിശദാംശം കിട്ടിയിട്ടില്ലന്നും നോക്കാമെന്നു”മൊക്കെ ന്യായം പറഞ്ഞ്‌ അവരെ മടക്കി വിടുന്ന പൊലീസ്‌ പാര്‍വതിയുടെ പരാതിയില്‍ പൊടുന്നനെ ഈ ‘മാനദണ്ഡങ്ങളെല്ലാം’ തെറ്റിച്ച്‌ അറസ്റ്റ്‌ നടപടിയിലേയ്ക്ക്‌ കടന്നത്‌ എന്തിനാണ്‌ ? ആരെ പ്രീതിപ്പെടുത്താനാണ്‌ ?
പാര്‍വതിക്ക്‌ നേരെ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.മാതൃകാപരമായ ശിക്ഷാ നടപടി തന്നെയുണ്ടാകണം. അക്കാര്യത്തില്‍ തര്‍ക്കമില്ല.എന്നാല്‍ അതിനേക്കാള്‍ ക്രൂരമായി അപമാനിക്കപ്പെടുന്ന മറ്റ്‌ സ്ത്രീകളുടെ കാര്യത്തിലും വേണ്ടേ നടപടി?സൈബര്‍ ആക്രമണത്തിനെതിരെ ഏത്‌ വ്യക്തി പരാതി നല്‍കിയാലും അതില്‍ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കേണ്ട ബാധ്യത പൊലീസിനില്ലേ?.
സൈബര്‍ ആക്രമണത്തിനെതിരെ കണ്ണീരോടെ വിലപിച്ച്‌ എത്രയോ സ്ത്രീകള്‍ പരസ്യമായി സോഷ്യല്‍ മീഡിയയിലുടെ നേരിട്ട്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. അന്നൊന്നും പൊലീസിന്റെ ഈ ‘ജാഗ്രത’ കേരളം കണ്ടിട്ടില്ലല്ലോ!
ഇവിടെ മൂന്ന്‌ ഘടകങ്ങള്‍ ശ്രദ്ധേയമാണ്‌
1. ഫെയ്സ്‌ ബുക്കില്‍ നിന്നും റിപ്പോര്‍ട്ട്‌ കിട്ടുന്നതിനു മുന്‍പാണ്‌ പ്രിന്റോയ്ക്കെതിരെയുള്ള പൊലീസ്‌ നടപടി.
2.പ്രിന്റോ തനിക്ക്‌ കിട്ടിയ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചതാണ്‌ പൊലീസ്‌ കണ്ടെത്തിയ കുറ്റം.അപ്പോള്‍ ഫെയ്സ്‌ ബുക്ക്‌ വഴിയും വാട്സ്‌ ആപ്പ്‌ വഴിയും മന: പൂര്‍വ്വം അപമാനിക്കണമെന്ന ഉദ്യേശത്തോടെ പോസ്റ്റുകള്‍ തയ്യാറാക്കിയവരെ അല്ലായിരുന്നോ ആദ്യം പിടിക്കേണ്ടിയിരുന്നത്‌ ?പ്രന്റോയെ പോലെ ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത എല്ലാവരും കുറ്റക്കാരല്ലേ?അവരെല്ലാവര്‍ക്കും എതിരേ ഇതേവകുപ്പുകള്‍ ചുമത്തി കേസ്‌ എടുത്ത്‌ അരസ്റ്റ്‌ ചെയ്യേണ്ടതല്ലേ?അതുണ്ടാകുമോ?
3.സ്ത്രീത്വത്തെ അപമാനിച്ചതിന്‌ പൊലീസിന്‌ ,ഇത്തരം സംഭവങ്ങളില്‍ ,എപ്പോള്‍ വേണമെങ്കിലും സ്വമേധയാ കേസെടുക്കാമായിരുന്നല്ലോ ? എന്തേ അതു ചെയ്തില്ല ?

പാര്‍വതി ഒരു നടി ആയത്‌ കൊണ്ടാണോ ഇപ്പോഴത്തെ മിന്നല്‍ നടപടി ?
എങ്കില്‍ ആ നടപടിയെ അപലപിക്കാതിരിക്കാനാവില്ല.
എന്നാല്‍ അതിലേറെ അപലപിക്കേണ്ടതാണ്‌ ഈ വിഷയത്തില്‍ മമ്മൂട്ടിയെന്ന നടന്‍ പുലര്‍ത്തുന്ന മൗനം.’പഞ്ചാബി ഹൗസ്‌’എന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രം പറഞ്ഞതു പോലെ “ബധിരനും മൂങ്ങനുമാണോ”,ഇക്കാര്യത്തില്‍, മലയാളത്തിന്റെ മഹാനടന്‍?

തന്റെ രാഷ്ട്രീയ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചിട്ടുള്ള മമ്മൂട്ടി പക്ഷെ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന കാളികൂളി കൂട്ടത്തിന്റെ ചെറ്റത്തരത്തെ ഒരു ഘട്ടത്തിലും അപലപിക്കാത്തത്‌ എന്തു കൊണ്ടാണ്‌?
നിയമപരമായി അത്തരം ഒരു ഉത്തരവാദിത്തം അദ്ദേഹത്തിനില്ലായിരിക്കാം.എന്നാലും ധാര്‍മിക ഉത്തരവാദിത്തമില്ലേ?

പാര്‍വതിക്കെതിരെ സഭ്യതയുടെ അതിര്‍വരമ്പ്‌ വിട്ട ഫാന്‍സ്‌ അസോസിയേഷന്റെ പ്രതികരണം വന്നപ്പോള്‍ തന്നെ അദ്ദേഹം ഇടപെടേണ്ടതായിരുന്നു. ഇവിടെ ധ്യന്യാ രാജേന്ദ്രന്‍ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക്‌ എതിരെ തന്റെ ഫാന്‍സ്‌ മര്യാദവിട്ട വിമര്‍ശനമുയര്‍ത്തിയപ്പോള്‍,ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങളെ ശാസിക്കുകയും ധന്യയോട്‌ ക്ഷമ ചോദിക്കുകയും ചെയ്ത തമിഴ്‌ നടന്‍ വിജയ്‌-ന്റെ നടപടി മമ്മൂട്ടിക്ക്‌ മാതൃകയാക്കാമായിരുന്നു.
അതുണ്ടായില്ലല്ലോ?

ഇളകുന്ന താര സിംഹാസനങ്ങളെ ഉറപ്പിച്ച്‌ നിര്‍ത്തന്‍ , (കൂലിക്ക്‌ ആളെ വിട്ട്‌ തല്ലിപ്പിക്കുന്നത്‌ പോലുള്ള )ആരാധകക്കൂട്ടങ്ങളുടെ സൈബര്‍ ആക്രമണങ്ങള്‍ക്ക്‌ മൗനം കൊണ്ട്‌ ചുക്കാന്‍ പിടിക്കുന്ന സൂപ്പര്‍ താരങ്ങളെ എല്ലാം “കണ്ടം വഴി ഓടിക്കേ”ണ്ടതല്ലേ?

ഫോട്ടോ: പാര്‍വതി,അറസ്റ്റിലായ പ്രിന്റോ, മമ്മൂട്ടി