15 വയസുകാരിയുടെ യാത്രാ രേഖകളില്‍ വയസ് തിരുത്തി പെൺവാണിഭം നടത്തിയ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും ശിക്ഷ

ദുബൈ: പതിനഞ്ചു വയസ്സുള്ള പെൺകുട്ടിയുടെ യാത്രാ രേഖകളില്‍ വയസ് തിരുത്തി ദുബായിലെത്തിച്ചു പെൺവാണിഭം നടത്തിയ മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷം തടവും 100,000 ദിര്‍ഹം പിഴയും ദുബായ് കോടതി സി വിധിച്ചു. ഒരു ബംഗ്ലദേശ് യുവതിയും രണ്ട ബംഗ്ലദേശ് പൗരന്‍മാരുമാണ് പിടിയിലായത്. പ്രതികള്‍ പെണ്‍കുട്ടിയെ ദുബൈയിലെ ഫ്‌ളാറ്റിൽ ബലമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു. പെണ്‍വാണിഭത്തിന് ഉപയോഗിച്ച ഫ്‌ളാറ്റ് പൂട്ടിയിടാനും കോടതി നിര്‍ദേശിച്ചു.അറസ്റ്റിലായ രണ്ട് യുവാക്കളുടെ സഹായത്തോടെ ഒമാനില്‍ നിന്നും കാറിലാണ് പെണ്‍കുട്ടിയെ ദുബൈയില്‍ എത്തിച്ചത്. പിന്നീട് ഫഌറ്റില്‍ താമസിപ്പിച്ച പെണ്‍കുട്ടിയെ ലൈംഗിക വ്യാപാരത്തിന് നിര്‍ബന്ധിച്ചിരുന്നുവെന്നാണ് കോടതി രേഖകള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടിക്ക് ലഭിച്ചിരുന്ന പണം സംഘം കൈക്കലാക്കുകയും ചെയ്തു. അയല്‍വാസി നല്‍കിയ വിവരത്തെ തുടര്‍ന്ന് ദുബൈ പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സംഘം എത്തിയാണ് സംഘത്തെ പിടികൂടിയത്.
യുവതിയുടെ സഹോദരിയുടെ 15 വയസുള്ള വളര്‍ത്തുമകളുടെ യാത്രാരേഖകളില്‍ തിരുത്ത് വരുത്തിയാണ് ബംഗ്ലദേശില്‍ നിന്നും ഒമാനില്‍ എത്തിച്ചത്. അവിടെ നിന്നും പെണ്‍വാണിഭത്തിനായി ദുബൈയില്‍ എത്തിക്കുകയായിരുന്നു. വീട്ടുജോലിക്കായാണ് പെണ്‍കുട്ടിയെ ദുബൈയില്‍ കൊണ്ടു പോകുന്നത് എന്നാണ് യുവതി പറഞ്ഞിരുന്നത്.