ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്കെന്ന് സൂചന:ഗണേഷ്‌കുമാർ മന്ത്രിയാകുമോ?

തിരുവനന്തപുരം: ആര്‍.ബാലകൃഷ്ണപിള്ള എന്‍സിപിയിലേക്കെന്ന് സൂചന. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജനുവരി ആറിന് ശരത് പവാറുമായി കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ള കൂടിക്കാഴ്ച നടത്തും. മുംബൈയിലാണ് കൂടിക്കാഴ്ച. ചര്‍ച്ചയില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ മാസ്റ്റർ പങ്കെടുക്കും.

ലയനകാര്യം എന്‍സിപി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള ബാലകൃഷ്ണപിള്ളയുടെ നീക്കമാണിതെന്നാണ് സൂചന.
ലയന വാർത്ത എൻസിപി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച കൊച്ചിയിൽ ചേരുന്ന എൻസിപി നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യും. കേരള കോണ്‍ഗ്രസ്-ബി നേതൃത്വവും ലയന വിഷയം ചർച്ച ചെയ്യാൻ യോഗം ചേരുന്നുണ്ട്. ജനുവരി എട്ടിന് കണ്ണൂരിൽ യോഗം ചേരാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ടി.പി പീതാംബരന്‍ മാസ്റ്റര്‍ അടക്കമുള്ള എന്‍.സി.പി നേതാക്കള്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

നിലവില്‍ എന്‍.സി.പിയ്ക്ക് രണ്ട് അംഗങ്ങളാണ് കേരളാ നിയമസഭയില്‍ ഉള്ളത്. ഇവര്‍ രണ്ട് പേരും കേസുകളില്‍ പെട്ട് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച എം.എല്‍.എമാരില്‍ ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്നയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു എന്‍.സി.പി നിലപാട്. എന്നാല്‍ എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ വിളിക്കേസും തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയ്യേറ്റക്കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ മന്ത്രിസഭയിലെ എന്‍.സി.പിയുടെ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവിലേക്ക് പത്തനാപുരം എം.എല്‍.എയായ ഗണേശിനെ പരിഗണിക്കുമെന്നാണ് വിവരം.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരെ പീതാംബരന്‍ മാസ്റ്റര്‍ വിവരങ്ങള്‍ ധരിപ്പിച്ചതായും സൂചനയുണ്ട്.