ഇന്ത്യന്‍ വിദ്യാര്‍ഥി കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു

വാഷിങ്ടന്‍: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഗുജറാത്ത് നാദിയാദ് സ്വദേശി അര്‍ഷദ് വോറ (19) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെയാണ് അര്‍ഷദിനെ വെടിവച്ചത്. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവം. അര്‍ഷദ് കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു വെടിവയ്പ്. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12,000 ഡോളര്‍ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തകാലത്തായി യുഎസില്‍ ഇന്ത്യക്കാര്‍ക്കു നേരെ അക്രമവും വെടിവയ്പും വര്‍ധിച്ചിട്ടുണ്ട്. ഡിസംബര്‍ 15ന് ഒഹിയോയില്‍ കരുണാകര്‍ കരേഗ്‌ലെയെ മോഷ്ടിക്കാള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഫെബ്രുവരിയിലാണ് ശ്രിനിവാസ് കുച്ചിഭോട്ട്‌ല എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കന്‍സാസില്‍ വെടിയേറ്റു മരിച്ചത്.