ബഹ്‌റൈനില്‍ സെലക്ടിവ് ടാക്‌സ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു

മനാമ: ബഹ്‌റൈനില്‍ സെലക്ടിവ് ടാക്‌സ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
പുകയില ഉല്‍പന്നങ്ങള്‍, ഗ്യാസുള്ള ശീതള പാനീയങ്ങള്‍, ഉയര്‍ന്ന ഊര്‍ജ പാനീയങ്ങള്‍, കൂടുതല്‍ മധുരം കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവക്കാണ് പ്രധാനമായും നികുതി വര്‍ദ്ധനവ് നിലവില്‍ വന്നത്.
പുകയില ഉത്പന്നങ്ങള്‍ക്ക് നൂറു ശതമാനം നികുതിയും സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് അന്‍പത് ശതമാനം നികുതിയും വര്‍ധിപ്പിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കൂടാതെ, എക്‌സൈസ് നികുതിക്ക് വിധേയമായ ഹാനികരമായ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനോ ഉത്പാദിപ്പിക്കാനോ താല്‍പര്യപ്പെടുന്നവര്‍ 2018 ജനുവരി 15ന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും അധിക്!തര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി റാണ ഇബ്രാഹിം ഫഖിഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നികുതി നിലവില്‍ വരുന്നതോടെ, വലിയ തോതിലുള്ള വില വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ പുകയില ഉത്പന്നങ്ങളടക്കമുള്ളവക്ക് സഊദിയില്‍ നികുതി വര്‍ദ്ധനവ് ഏര്‍പ്പെടുത്തിലായപ്പോള്‍ ബഹ്‌റൈന്‍ വിപണികളില്‍ നിന്നും വര്‍ദ്ധിച്ച വിപണനമാണ് രേഖപ്പെടുത്തിയിരുന്നത്. പുതിയ സാഹചര്യത്തില്‍ വില വര്‍ദ്ധനവ് വിപണിയെ എങ്ങിനെ ബാധിക്കുമെന്നറിയാന്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ മനസ്സിലാക്കാമെന്ന് ഒരു പ്രവാസി കച്ചവടക്കാരന്‍ സുപ്രഭാതത്തോട് പ്രതികരിച്ചു.

അതേ സമയം പുതിയ സാഹചര്യത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നവരെ പിടികൂടാനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനും നടപടി ശക്തമാക്കാനും അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരക്കാര്‍ക്കെതിരെ നികുതിക്കു പുറമെ എക്‌സൈസ് നികുതിയുടെ 25ശതമാനം വരെ പിഴ ചുമത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, മന്ത്രാലയം ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുന്നവര്‍ക്കും എക്‌സൈസ് നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കും പരമാവധി 5000 ബഹ്‌റൈന്‍ ദിനാര്‍ പിഴയീടാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.