കേരള കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനം

കൊച്ചി: കേരള കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്ന് എന്‍സിപി നേതൃയോഗത്തില്‍ തീരുമാനം . യോഗത്തില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ശശീന്ദ്രന്‍, തോമസ് ചാണ്ടി വിഭാഗങ്ങളും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. പീതാംബരന്റെ നീക്കങ്ങള്‍ പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നും വിമര്‍ശനം ഉയര്‍ന്നു. പീതാംബരന്‍ ദേശീയ നേതൃത്വത്തെ കൊണ്ട് തീരുമാനം എടുപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും യോഗത്തില്‍ ആരോപിച്ചു.നിലവില്‍ എന്‍.സി.പിയ്ക്ക് രണ്ട് അംഗങ്ങളാണ് കേരളാ നിയമസഭയില്‍ ഉള്ളത്. ഇവര്‍ രണ്ട് പേരും കേസുകളില്‍ പെട്ട് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച എം.എല്‍.എമാരില്‍ ആദ്യം കുറ്റവിമുക്തനാക്കപ്പെടുന്നയാള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു എന്‍.സി.പി നിലപാട്. എന്നാല്‍ എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍ വിളിക്കേസും തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയ്യേറ്റക്കേസും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ മന്ത്രിസഭയിലെ എന്‍.സി.പിയുടെ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ഈ ഒഴിവിലേക്ക് പത്തനാപുരം എം.എല്‍.എയായ ഗണേശിനെ പരിഗണിക്കുമെന്നായിരുന്നു വിവരം.

കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന് എൻസിപി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇന്നത്തെ എൻസിപി നേതൃയോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. പക്ഷേ ചർച്ചയിലെ ഭൂരിപക്ഷ അഭിപ്രായം കേരള കോണ്‍ഗ്രസ് ബിയുമായി സഹകരണം വേണ്ടെന്നാണ്.