ഇനി ഒറ്റയ്ക്ക് എവറസ്റ്റ് കീഴടക്കാമെന്നു ആരും വിചാരിക്കേണ്ട

കാഠ്മണ്ഡു: സാഹസികരായ പര്‍വതാരോഹകര്‍ക്ക് നിരാശ നല്‍കി നേപ്പാള്‍. ഇനി മുതല്‍ ഒരാള്‍ക്ക് മാത്രമായി എവറസ്റ്റ് കീഴടക്കാന്‍ കഴിയില്ല. അത്തരം യാത്രകള്‍ക്ക് നേപ്പാള്‍ നിരോധിച്ചു.പുതിയ നിബന്ധനകള്‍ പ്രകാരം പര്‍വതാരോഹകന്റെ കൂടെ ഒരു ഗൈഡിനെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.ഏകരായി പോകുന്ന പര്‍വതാരോഹകരില്‍ ഭൂരിഭാഗവും മരണത്തിന് കീഴടങ്ങുന്നത് വര്‍ധിച്ചതിനാലാണ് പുതിയ നിബന്ധനകളെന്ന് നേപ്പാള്‍ അധികൃതര്‍ അറിയിച്ചു. എവറസ്റ്റില്‍ മാത്രമല്ല മറ്റു കൊടുമുടികളിലും ഈ നിയന്ത്രണം ബാധകമാണ്.

റെക്കോര്‍ഡ് ആളുകളാണ് ഈ വര്‍ഷം എവറസ്റ്റ് കയറാന്‍ ശ്രമിച്ചത്. അതേ പോലെ തന്നെയാണ് അപകടത്തിലും 2017 റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. ഈ സീസണില്‍ ഇതു വരെയായി ആറു പേരാണ് പര്‍വതാരോഹണത്തിനിടെ കൊല്ലപ്പെട്ടത്. ഇതില്‍ 85കാരനായ മിന്‍ ബഹാദൂര്‍ ഷെര്‍ഛണും ഉള്‍പ്പെടുന്നു. എവറസ്റ്റ് കൊടുമുടിയില്‍ കയറിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മിന്‍ ബഹാദൂര്‍ ഷെര്‍ഛണ്‍.

പര്‍വതാരോഹണത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച യൂലി സ്റ്റെക് ഏകാംഗ പര്‍വതാരോഹണത്തിനിടെയാണ് മരണപ്പെട്ടത്. 1920 മുതല്‍ ഏകദേശം 200 ലധികം പേര്‍ എവറസ്റ്റില്‍ മരണപ്പെട്ടിട്ടുണ്ട്.