മുഹമ്മദ് മുര്‍സിക്ക് മൂന്ന് വര്‍ഷം കൂടി തടവ് വിധിച്ച് വിചാരണക്കോടതി

കെയ്‌റോ: ജയിലില്‍ കഴിയുന്ന ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് വിചാരണക്കോടതി മൂന്നുവര്‍ഷംകൂടി തടവുശിക്ഷ വിധിച്ചു.ജുഡീഷ്യറിയെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് കൈറോവിലെ വിചാരണകോടതി മുര്‍സിക്കും മറ്റ് 19 പേര്‍ക്കുമെതിരെ ശിക്ഷ വിധിച്ചത്.ഈജിപ്ത് ചരിത്രത്തില്‍ ആദ്യമായി നടന്ന ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുര്‍സി, 2013ലാണ് പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടത്.

തുടര്‍ന്ന് സൈന്യത്തിന്റെ അറസ്റ്റിലായ അദ്ദേഹത്തിനെതിരെ വിവിധ കേസുകള്‍ ചുമത്തിയിട്ടുണ്ട്. 2012ല്‍ ജനാധിപത്യ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു എന്ന കേസില്‍ 20 വര്‍ഷവും, ഖത്തറിന് രഹസ്യവിവരങ്ങള്‍ കൈമാറിയെന്ന കേസില്‍ 25 വര്‍ഷവും പട്ടാളകോടതി അദ്ദേഹത്തിന് ശിക്ഷ വിധിച്ചിരുന്നു.