വിസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ പ്രവാസികള്‍ കൈയില്‍ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി

ജിദ്ദ: സൗദിയിലേക്ക് വരുന്നതിനുള്ള വിസ സ്റ്റാംപ് ചെയ്ത പാസ്‌പോര്‍ട്ടുകള്‍ പ്രവാസികള്‍ കൈയില്‍ സൂക്ഷിക്കണമെന്ന് ഇന്ത്യന്‍ എംബസി. എന്‍ട്രി നമ്പര്‍, സ്‌പോണ്‍സറുടെ പേരും തിരിച്ചറിയല്‍ നമ്പറും, വിസ സ്റ്റാംപ് ചെയ്ത റിക്രൂട്ടിങ് ഏജന്‍സിയുടെ പേര്, ലൈസന്‍സ് നമ്പര്‍ ടെലിഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഈ പേജിലാണ് ഉണ്ടാവുക. അതിനാല്‍ ഈ പേജിന്റെ കോപ്പി ഫോണുകളിലോ കുടുംബത്തിന്റെ അടുത്തോ സൂക്ഷിക്കണമെന്നും സ്‌പോണ്‍സറെ കുറിച്ചും റിക്രൂട്ടിങ് ഏജന്‍സിയോ കുറിച്ചും അറിയാന്‍ ഇത് ഉപകരിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു. ഇഖാമയിലെ പേരിലോ മറ്റോ തിരുത്തലുകള്‍ വരുത്താനും ചില സമയത്ത് പുതിയ പാസ്‌പോര്‍ട്ടിലേക്ക് പഴയ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ മാറ്റാനും ജവാസാത്തും എന്‍ട്രി പാസ്‌പോര്‍ട്ട് ചോദിക്കാറുണ്ടെന്നും എംബസി അറിയിച്ചു.

അതേ സമയം കാലാവധി കഴിഞ്ഞു മൂന്നു വര്‍ഷത്തിനുശേഷം പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. പാര്‍സ്‌പോര്‍ട്ട് പുതുക്കുന്നതിന് കാലാതാമസം വരുത്തിയതിനുള്ള കാരണവും സാഹചര്യവും വിശദീകരിച്ചായിരിക്കണം സത്യവാങ് മൂലം കോണ്‍സുലാര്‍ ഓഫിസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതെന്നും എംബസി അധികൃതര്‍ അറിയിച്ചു.

കാലാവധി അവസാനിക്കുന്നതിന്റെ ഒരു വര്‍ഷത്തിനുള്ളിലോ കാലാവധി അവസാനിച്ച ശേഷമുള്ള ഒരു വര്‍ഷത്തിനുള്ളിലോ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സാധിക്കും. ഇത്രയും മതിയായ സമയമുണ്ടായിട്ടും പലരും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതായി എംബസി അധികൃതര്‍ അറിയിച്ചു. സഊദിയില്‍ വച്ച് ജനനം നല്‍കിയ കുട്ടികളുടെ രേഖകള്‍ എംബസിയിലോ കോണ്‍സുലേറ്റിലോ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ എംബസിക്ക് പിന്നീട് അവരുടെ ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും എടുത്തു നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പറ്റൂ.

അതേ സമയം മറ്റു പല രാജ്യങ്ങളിലെ പോലെ മാതാവിന്റെ പാസ്‌പോര്‍ട്ടില്‍ കുട്ടികളുടെ പേര് ചേര്‍ക്കുന്ന രീതി ഇന്ത്യയിലില്ല. പകരം ഓരോ പൗരനും സ്വന്തമായി പാസ്‌പോര്‍ട്ടാണ് നല്‍കുന്നത്. കുട്ടികളുടെ പാസ്‌പോര്‍ട്ട് എടുക്കാനുള്ള അപേക്ഷാ ഫോമില്‍ മാതാവും പിതാവും ഒപ്പുവയ്ക്കണം. ഒപ്പിന്റെ സ്ഥാനത്ത് കുട്ടികളുടെ വിരലടയാളമാണ് പതിക്കേണ്ടത്. പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതിന് സഊദിയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് സൗകര്യമൊരുക്കാന്‍ എംബസിക്ക് കീഴില്‍ ഏഴു കേന്ദ്രങ്ങളും കോണ്‍സുലേറ്റിന് കീഴില്‍ നാലു കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ പരാതികള്‍ പരിഹരിക്കാനും മറ്റു സേവനങ്ങള്‍ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താറുണ്ട്.