SHOCKING: രാജ്യത്ത് വിറ്റ 27 മരുന്നുകള്‍ ക്വാളിറ്റി ടെസ്റ്റില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: മരുന്ന് വിപണിയിലെ ഗുരുതരമായ വീഴ്ച പുറത്തുകാട്ടി ഡ്രഗ് റെഗുലേറ്ററിയുടെ മരുന്ന് പരിശോധനാ റിപ്പോര്‍ട്ട്. രാജ്യത്ത് വിപണിയിലുള്ള 27 മരുന്നുകളില്‍ ഗുരുതരമായ വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍. ആബട്ട് ഇന്ത്യ, ജി.എസ്.കെ ഇന്ത്യ, സണ്‍ ഫാര്‍മ, സിപ്ല, ഗ്ലെന്മാര്‍ക്ക് ഫാര്‍മ തുടങ്ങി രാജ്യത്തെ പ്രമുഖ 18 കമ്പനികളുടെ മരുന്നുകളാണിവ.

തെറ്റായ ലേബലിങ്, ചേരുവകളുടെ തെറ്റായ അളവ്, നിറംമാറ്റം, ഈര്‍പ്പം തുടങ്ങിയ വീഴ്ചകള്‍ക്കു പുറമേ അഴുകല്‍ പരീക്ഷണത്തിലും ധൂളീ പരീക്ഷണത്തിലും ഈ മരുന്നുകള്‍ പരാജയപ്പെട്ടു. എല്ലാ മരുന്നുകളും രാജ്യത്തെ പ്രമുഖ ബ്രാന്റുകളില്‍ വില്‍ക്കുന്നവയാണ്. പ്രശ്‌നം കണ്ടെത്തിയതു മുതല്‍ മരുന്ന് വിപണിയില്‍ നിന്ന് ഇവ പിന്‍വലിച്ചതായി കമ്പനികള്‍ അറിയിച്ചു.

ആബട്ട് ഇന്ത്യയുടെ ആന്റിസൈക്കോടിക് മരുന്നായ സ്‌റ്റെമീട്ടില്‍, ആന്റിബയോടിക്ക് മരുന്നായ പെന്റിട്‌സ്, ആലംബിക് ഫാര്‍മയുടെ ആന്റി ബാക്ടീരിയല്‍ മരുന്ന് ആല്‍ത്രോസിന്‍, കാഡില ഫാര്‍മയുടെ മൈഗ്രൈനുള്ള വാസോഗ്രൈന്‍, ഗ്ലെന്മാര്‍ക്ക് ഫാര്‍മയുടെ ജനപ്രിയ കഫ്‌സിറപ്പായ ആസ്‌കോറില്‍, ജി.എസ്.കെ ഇന്ത്യയുടെ വിര അണുബാധയ്ക്കുള്ള സെന്റല്‍, ഇപ്ക ലാബ്‌സിന്റെ സന്ധിവാതത്തിനുള്ള ഹൈഡ്രോക്‌സിക്ലോക്വിന്‍, സിന്തെലാബോയുടെ ദേഷ്യമകറ്റാനുള്ള മയോറില്‍, ടൊറന്റ് ഫാര്‍മയുടെ രക്തസമ്മര്‍ദത്തിനുള്ള ഡില്‍സെം എന്നീ മരുന്നുകള്‍ ഇതില്‍പ്പെടും.

കേരളമടക്കം ഏഴു സംസ്ഥാനങ്ങളിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റികളില്‍ നടത്തിയ പരിശോധനയിലാണ് വീഴ്ച കണ്ടെത്തിയത്. കഴിഞ്ഞ മേയിലാണ് ആബട്ടിന്റെ പെന്റിഡ്‌സ്-400 എന്ന മരുന്നിന്റെ നിറം മങ്ങിയതായും ഈര്‍പ്പമുള്ളതായും കേരളാ ഡ്രഗ് കണ്‍ട്രോളിങ് ലാബില്‍ കണ്ടെത്തിയത്.

എന്നാല്‍ കമ്പനി ഇറക്കിയ സമാന ബ്രാന്റിന്റെ ബാച്ചുകളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇതല്ലാതെ വേറെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനി പറയുന്നത്. മരുന്ന് സൂക്ഷിച്ചതിന്റെയും കൈമാറുന്നതിന്റെ ഇടയിലുണ്ടായ പ്രശ്‌നമായിരിക്കും ഇതെന്നും കമ്പനി അതോറിറ്റിക്ക് മറുപടി നല്‍കിയതായും അവര്‍ പറഞ്ഞു.