മാസ്റ്റര്‍പീസ് സര്‍വകാല റെക്കാർഡിലേക്ക് ;ആഘോഷമാക്കി മമ്മുട്ടി

ക്രിസ്മസ് പുതുവർഷ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് പുതിയ ഉണര്‍വാകുമ്പോള്‍ ബോക്‌സോഫീസിലും പുതിയ റെക്കോര്‍ഡുകള്‍. കളക്ഷനില്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ആണ് മുന്നില്‍. മൂന്നുനാള്‍ കൊണ്ട് ചിത്രം 10 കോടി കടന്നു. ഇക്കാര്യം സ്ഥിരീകരിച്ച് നായകന്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റുമിട്ടു. ആദ്യദിന കളക്ഷനിലും മാസ്റ്റര്‍പീസ് സര്‍വകാല റെക്കോര്‍ഡ് ഇട്ടതായാണ് അനൗദ്യോഗിക വിവരം. ഈ വിജയം മമ്മൂട്ടി ആഘോഷിച്ചതാകട്ടെ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം കേക്കു മുറിച്ചും.

ട്രാവന്‍കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രം. ‘പുലിമുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരവധി താരങ്ങള്‍ അണിനിരക്കുന്നു. മുകേഷ്, സന്തോഷ് പണ്ഡിറ്റ്, ഗോകുല്‍ സുരേഷ്, ഉണ്ണി മുകുന്ദന്‍, കൈലാഷ്, മക്ബൂല്‍, വരലക്ഷ്മി ശരത്കുമാര്‍, പൂനം ബജ്വ എന്നിവരോടൊപ്പം ആയിരത്തിലേറെ കോളേജ് വിദ്യാര്‍ത്ഥികളും ‘മാസ്റ്റര്‍ പീസിന്റെ ഭാഗമായിട്ടുണ്ട്.

എന്നാല്‍ ക്യാംപസ് ചിത്രം എന്നതിലുപരിയായി ഒരു കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ‘മാസ്റ്റര്‍ പീസ്’ മാറുമെന്നാണ് ചിത്രത്തിന്റെ ട്രെയിലറും മറ്റും വ്യക്തമാക്കുന്നത്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ് മാസ്റ്റര്‍ പീസിന്റെ നിര്‍മ്മാണം.