യുവത്വത്തെ ശാക്തീകരിക്കാന്‍ എല്ലാ ജില്ലകളിലും മാതൃകാ പാര്‍ലമെന്റ് രൂപീകരിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവത്വത്തെ ശാക്തീകരിക്കാന്‍ എല്ലാ ജില്ലകളിലും മാതൃകാ പാര്‍ലമെന്റ് രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ഓടെ നവ ഇന്ത്യ എന്ന ആശയം സാധ്യമാകണമെങ്കില്‍ യുവാക്കളുടെ സംഭാവന കൂടിയേ തീരൂ. ഇതിനുള്ള അടിത്തറ പാകുകയാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് പതിനഞ്ചിനോട് അനുബന്ധിച്ച് ചേരുന്ന മാതൃകാ പാര്‍ലമെന്റുകളുടെ ലക്ഷ്യമെന്നും മന്‍ കീ ബാത്തിലൂടെ മോദി പറഞ്ഞു. ‘എല്ലാ ജില്ലകളിലും മാതൃകാ പാര്‍ലമെന്റുകള്‍ രൂപീകരിക്കണം. 18 നും 25നും ഇടയില്‍ പ്രായമുള്ളവരാകണം പാര്‍ലമെന്റ് അംഗങ്ങള്‍. പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താന്‍ അവര്‍ക്കുള്ള ആശയങ്ങളും പദ്ധതികളും പങ്കുവയ്ക്കപ്പെടണം. നമ്മുടെ സ്വാതന്ത്ര്യസമരസേനാനികള്‍ വിഭാവനം ചെയ്ത ഇന്ത്യ 2022 ഓടെ സഫലീകരിക്കാന്‍ നമുക്ക് കഴിയണം.’ മോദി പറഞ്ഞു. സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മോദി യുവാക്കളെ ഓര്‍മ്മിപ്പിച്ചു. ജനാധിപത്യം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ശക്തിയാണ് വോട്ടവകാശം. നാളെ ജനുവരി 1, വളരെ പ്രധാനപ്പെട്ട ദിവസമാണ്. 21ാം നൂറ്റാണ്ടില്‍ ജനിച്ച എല്ലാവരെയും ജനാധിപത്യവ്യവസ്ഥയുടെ ഭാഗമാകാന്‍ താന്‍ ക്ഷണിക്കുകയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ ഒരു വോട്ട് കൊണ്ട് സാധിച്ചേക്കും. രാജ്യത്തെ മാറ്റിമറിക്കാന്‍ പോലും അതിനാവുമെന്നും മോദി അഭിപ്രായപ്പെട്ടു.