പോലീസിന്‍റെ ക്രൂരതകളില്‍ നിന്ന് പോലീസുകാരനും രക്ഷയില്ല

-ക്രിസ്റ്റഫര്‍ പെരേര-
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിന്റെ പ്രസ്താവനകളിലെ വൈരുദ്ധ്യവും മതപരമായ കാര്യങ്ങള്‍ക്ക് പൊലീസിനെ ഉപയോഗിച്ചതും ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെന്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍വീസില്‍ തിരിച്ചെടുക്കുന്നില്ല. 2016 ജനുവരി നാലിനാണ് പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ രാജേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ നയത്തിനെതിരെ നവമാധ്യമങ്ങളിലൂടെ പ്രതികരിച്ചെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയപ്പോള്‍ ഡി.ജി.പി സെന്‍കുമാര്‍ സര്‍ക്കാര്‍ നിലപാടിനെതിരെ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. അതിനെതിരെ അന്വേഷണവുമില്ല, നടപടിയുമില്ല.
screen-shot-2016-11-28-at-14-49-44
സസ്‌പെന്‍ഷന് പുറമേ രാജേഷിനെതിരെ രണ്ട് അന്വേഷണം നടത്തി. ആദ്യത്തെ അന്വേഷണം റിപ്പോര്‍ച്ച് പ്രകാരം മൂന്ന് ഇന്‍ക്രിമെന്റ് എടുത്ത് കളഞ്ഞു. പൊലീസ് സേനയെ മതവല്‍ക്കരിക്കാനുള്ള ഉത്തത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രമം ചൂണ്ടിക്കാട്ടിയതിനാണ് രാജേഷിനെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത്. ‘ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് കരുതിക്കൂട്ടിയതല്ലായിരുന്നു. 2016 ജനുവരി നാലിന് പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ ജോലിയിലുണ്ടായിരുന്നു. ക്യാമ്പിലെ കാര്‍പോര്‍ച്ചില്‍ സ്ഥാപിച്ചിട്ടുള്ള ശബരിമല അയ്യപ്പന്റെ കട്ടൗട്ടിനെ പറ്റിയും ക്യാമ്പില്‍ നടന്ന പ്രത്യേക പൂജയെ കുറിച്ചും തിരുവാഭരണ ഘോഷയാത്രയ്ക്ക് ക്യാമ്പില്‍ നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് ക്യാമ്പിലെ അന്യമതസ്ഥരായ പൊലീസുകാരില്‍ ഉണ്ടാക്കിയ അതൃപ്തിയുമാണ് ഇതിന് പ്രേരണയായത്’ എന്ന് രാജേഷ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
2015ലെ ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ജില്ലയിലെ സകല പൊലീസ് സ്റ്റേഷനിലെയും പൊലീസുകാരെ അവിടെ വിളിച്ചുവരുത്തി. മുണ്ടും നേര്യതും അണിഞ്ഞാണ് സെന്‍കുമാര്‍ എത്തിയത്. അദ്ദേഹം അന്നേ ദിവസം ഡ്യൂട്ടിയിലായിരുന്നു എന്നാണ് മനസിലാക്കുന്നത്. അങ്ങനെയെങ്കില്‍ കേരളാ പൊലീസ് ആക്ടിന് വിരുദ്ധമാണത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിനാണ് രാജേഷ് കുമാറിനെ ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത്. രാജേഷിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരത്തിലേറിയ അവരും ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിക്കുന്നില്ല.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രാജേഷ് കുമാറിന്റെ അമ്മ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് മൂന്ന് വോട്ടിന് പരാജയപ്പെട്ടിരുന്നു. അമ്മയെ തോല്‍പ്പിച്ചത് താന്‍ കൂടിയാണെന്ന് പോസ്റ്റിട്ട് രാജേഷ് രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധനേടിയിരുന്നു.

വിവാദമായ ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണരൂപം –

‘നിശ്ശബ്ദയുടെ പേരാണ് മരണം ‘

State Police chief Kerala-ക്ക് (DGP)
ഒരു പോലീസുകാരൻ നവ മാധ്യമത്തിലൂടെ
എഴുതുന്ന വിശേഷ സാഹചര്യം ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഒരു നിർദേശമാണ്.

sir, താങ്കൾ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം പോലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും,വികല വ്യാഖ്യാനങ്ങളാലും വിലക്കുകളാലും നിർമ്മാർജ്ജനം ചെയ്യപ്പെടുന്ന സമൂഹം എന്താകുമെന്നറിയാൻ നമ്മൾ പാക്കിസ്ഥാനിലേക്കൊന്ന് നോക്കിയാൽ മതി .ഒരു പ്രവിശ്യാ ഗവർണ്ണർ മതനിന്ദാ നിയമത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ വധിക്കപ്പെട്ടു. കൊലപാതകിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരത്തോളം അഭിഭാഷകർ സൗജന്യമായ് അയാളുടെ കേസ് വാദിക്കാൻ തയ്യാറായി!
ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങൾ
ഇല്ലാതായാൽ രാജ്യംഎന്തായിത്തീരുമെന്നതിന്റെ ചെറിയോരുദാഹരണം മാത്രം .

ഞാനും താങ്കളുമെല്ലാം ഈ ബഹുകക്ഷി ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്തവരാണ് . അതേ നമ്മൾ …..അധികാരത്തിന്റെ ഏതെങ്കിലും സ്വരൂപത്തിലെത്തുമ്പോൾ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ചീത്തവൽക്കരിക്കുകയും, രാഷ്ട്രീയ ചിന്തകൾ പോലും പാപമെന്ന് പ്രഖ്യാപിക്കുന്നവരുമാകുന്നു.

കലാഭവൻ മണിക്കെതിരെ പോലീസ് നടപടിയെടുത്തപ്പോൾ താങ്കൾ മാധ്യമ സമക്ഷം ആരോപണമുന്നയിച്ചു …പോലീസ് ജാതീയമായ പരിഗണനകൾ വെച്ച് പുലർത്തുന്നു , എന്ന് .
താങ്കൾ ജോലി രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത് .
എന്നാൽ ജേക്കബ് തോമസ് സാർ അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ താങ്കൾ പറഞ്ഞു .
‘ രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കട്ടെ ‘ …..

താങ്കളുടെ പോലീസ് പരിഷ്കരണ ശ്രമങ്ങളെ ( പ്രത്യാശകളെ ) പിന്തുണച്ചിരുന്ന ഞാൻ ആദ്യമായ് താങ്കളെ കാണുന്നത് ആറൻമുള ക്ഷേത്രത്തിൽ താങ്കൾ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് !
പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനിൽ നിന്നും പോലീസുകാർ … വാഹനങ്ങൾ .
ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പോലീസ് !
വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദർശനം.
താങ്കൾ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മാത്രം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ് . മതപരമായ സ്വകാര്യ സന്ദർശനത്തിന് ഒരു ജില്ലയിലെ പോലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു.
താങ്കൾ കടന്നു വന്ന ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും പോലീസിന് അവരുടെ ചുമതലകൾ എല്ലാം മാറ്റി വെച്ച് അകമ്പടി സേവിക്കേണ്ടി വന്നു.

ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസ്സുകൾ , കാണാതാവുന്ന കുട്ടികൾ , കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ ….ഇവയുടെ മധ്യത്തിൽ നിന്നാണ് പോലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താൽപര്യത്തിനായ് പിൻവലിക്കപ്പെടുന്നത്…. നീതി നിർവ്വഹണത്തെ റദ്ദ് ചെയ്ത് കൊണ്ട്.
താങ്കൾ അന്നേ ദിവസം അവധിയിലായിരുന്നോ ? ആണെങ്കിൽ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്ത് കൊണ്ട് ?

ദില്ലി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാളിനേക്കാൾ സുരക്ഷാ ഭീതി താങ്കൾക്ക്
ഉണ്ടാവുന്നതെങ്ങനെ ?
ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാൻ പോകുന്ന സാദാ പോലീസുകാരൻ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ ?

ശാസ്ത്രീയ ചിന്തകളും ജീവിതവീക്ഷണവും ജനങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള താങ്കളെപ്പോലെയുള്ളവർ ,
പൊതു ജന സേവന ഉപാധികളെ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?

ആഴ്ചകൾക്ക് മുൻപ് പണ്ഡിതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജ്യോതിഷികളുടെ ചടങ്ങിൽ സംബന്ധിച്ച് പ്രഖ്യാപിച്ചു.’ പോലീസ് കേസുകൾ തെളിയിക്കാൻ ജ്യോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട് ‘ .
അതെ … പോലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം! ,
ജ്യോത്സ്യൻമാർ ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്തട്ടെ,
ഹനുമാൻ സേന സമരങ്ങളെ നേരിടട്ടെ,
DGP വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ,
എന്ത്‌ മതനിരപേക്ഷത ! എന്ത് ജനാധിപത്യം ! എന്ത് രാഷ്ട്രീയം!

10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടിൽ കയറ്റുന്നിടത്ത് മുതൽ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരെ ഇന്ന് പോലീസുദ്യോഗസ്ഥർ പൊതു ചിലവിൽ കൊഴുപ്പേകുന്നു.
ഈ പോലീസ് ‘ബീഫ് പോലീസ് ‘ ആകാൻ ദൂരമില്ല .വിരമിച്ച പോലീസുദ്യോഗസ്ഥന് പ്രസാദം എത്തിക്കാൻ TA സഹിതം പോലീസിനെ ഉപയോഗിക്കുന്ന ഏർപ്പാട് ഇപ്പോൾ തന്നെയുണ്ട്.

സർ, സർക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ കുറ്റകരമാണ് . പക്ഷേ അതോടൊപ്പം ഉൾപ്പെടുത്തിയ 2 ഭാഗങ്ങൾ ( മത-സാമുദായിക etc 7, 8 ) ,ബർമ്മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്.
താങ്കളുടെ സർക്കുലറിനും വളരെ മുൻപ് പ്രൈമറി സ്കൂളുകളിലും അതിന് ശേഷം ഔദ്യോഗിക ജീവിതമാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിജ്ഞയിലും, നമ്മൾ
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനായുള്ള പ്രവർത്തനങ്ങളിലേർപ്പെടുമെന്ന് ഏറ്റ് ചൊല്ലിയവരാണ്.മത രാഷ്ട്രവാദികളായ ഭരണഘടനാവിരുദ്ധ ശക്തികളെ ചെറുക്കാനായ്
ഓരോ പൗരനും നിറവേറ്റേണ്ട (പ്രതിജ്ഞാ പ്രകാരമുള്ള ) ചുമതലകളിൽ നിന്നും പുതിയ സർക്കുലർ നമ്മെ തടയുന്നു.

സർ, വെടിയുണ്ടകൾക്കും ഡ്രോണുകൾക്കും ,അഫ്ഗാനിലും ഇറാക്കിലും ദശകങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്ത സമാധാനം … ഒരേയൊരു പ്രവർത്തനത്തിലൂടെ മാത്രമേ കൈവരൂ ….
‘ രാഷ്ട്രീയാവബോധമുള്ള ജനങ്ങൾ ഏർപ്പെടുന്ന നിരന്തര രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ‘ .

‘ നിശ്ശബ്ദത മരണമാണ് ,,,
ജനാധിപത്യ രാജ്യത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ട്രീയനിശ്ശബ്ദത കൊലപാതകമാണ് …
ജനാധിപത്യത്തിന്റെയും പൗരന്റെയും ‘

( Disclaimer: എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും , രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകൾ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലിൽ ഞാൻ ചിന്തിക്കില്ലെന്നും ,സർക്കുലർ പ്രകാരം ബോധ ശൂന്യനായ് ജീവിച്ചു കൊള്ളാമെന്നും …..)