ഐ.എം.എ ചൊവ്വാഴ്ച പണിമുടക്കിന് ആഹ്വാനം ;സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും

ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ (എന്‍.എം.സി) കൊണ്ടുവരുന്നതിനെതിരെ സമരപ്രഖ്യാപനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ചൊവ്വാഴ്ച 12 മണിക്കൂര്‍ നേരം രാജ്യവ്യാപക പണിമുടക്കിനാണ് ഐ.എം.എ ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.വെള്ളിയാഴ്ച പാര്‍ലമെന്റ് മേശയില്‍ വച്ച എന്‍.എം.സി ബില്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പകരം പുതിയ ബോഡി രൂപീകരിക്കാനാണ് പ്രധാനമായും നിര്‍ദേശിക്കുന്നത്. ഹോമിയോപ്പതി, ആയുര്‍വേദ എന്നിവ പരിശീലിക്കുന്ന ഡോക്ടര്‍മാര്‍ ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതി രംഗത്തേക്കു മാറാവുന്നതടക്കമുള്ള ഒട്ടേറെ പുതിയ നിര്‍ദേശങ്ങളുമായാണ് എന്‍.എം.സി ബില്‍ വരുന്നത്.

ചൊവ്വാഴ്ച ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്.എന്നാല്‍ പുതിയ ബില്ല് വൈദ്യരംഗത്തെ മുടന്തനാക്കുമെന്നും ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കരിദിനമായി ആചരിക്കുകയാണെന്നും ഐ.എം.എ അറിയിച്ചു.നിലവിലുള്ള രൂപത്തിലുള്ള എന്‍.എം.സി ബില്‍ സ്വീകാര്യമല്ല. ഈ ബില്ല് പാവങ്ങള്‍ക്കും ജനങ്ങള്‍ക്കും എതിരാണ്. ജനാധിപത്യവിരുദ്ധവും ഫെഡറല്‍ സംവിധാനത്തിന് എതിരാണെന്നും മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചു.