മകരവിളക്ക്: കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പമ്പ: ശബരിമല മകരവിളക്ക് മഹോത്‌സവുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമല മകരവിളക്ക് മഹോത്‌സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശം.സന്നിധാനത്ത് മകരവിളക്ക് മുന്നോടിയായി 13, 14, 15 തീയതികളില്‍ ഓരോ വകുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഓരോ വകുപ്പുകളും നടത്തിയ മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍പാറ തുടങ്ങിയ മേഖലകളില്‍ ബാരിക്കേഡുകള്‍ ശക്തമാക്കണമെന്നും മകരവിളക്ക് വീക്ഷിക്കാനെത്തുന്ന ഭക്തര്‍ക്ക് സൗകര്യാര്‍ഥം എല്ലായിടത്തും ലൈറ്റുകള്‍ ഉറപ്പാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സുരക്ഷ ശക്തമാക്കുന്നതിനായി ആവശ്യമായ ഒരുക്കങ്ങള്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് ഏര്‍പ്പെടുത്താന്‍ നടപടിയെടുത്തിട്ടുണ്ട്. സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ പൊലിസുകാരെ വിന്യസിക്കുന്നുണ്ട്.കുടിവെള്ള ലഭ്യത കൃത്യമായി ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൂടുവെള്ളം ഉള്‍പ്പെടെ കുടിവെള്ളവും ആവശ്യമായ ജലവിതരണസൗകര്യവുമുണ്ട്. മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ മകരവിളക്കിന് മുന്നോടിയായി സജ്ജമാണ്.

കെ.എസ്.ആര്‍.ടി.സി മകരവിളക്ക് കഴിഞ്ഞാലുടന്‍ പമ്പയില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ പമ്പനിലയ്ക്കല്‍ റൂട്ടില്‍ ചെയിനായി സര്‍വീസുകള്‍ ക്രമീകരിക്കും. ഇതിനായി പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി ഏകോപിപ്പിച്ച് തിരക്ക് കുറയ്ക്കാന്‍ നടപടികളുണ്ടാകും.ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും അറ്റകുറ്റപണിക്കും നടപടിയായതായി വൈദ്യുതി വകുപ്പ് അറിയിച്ചു. കൂടുതലായി, ആവശ്യമായി വരുന്ന സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ അധികമായി ലൈറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

നിര്‍ദേശാനുസരണമുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡിംഗിന് നടപടിയായതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മകരവിളക്കിന് മുന്നോടിയായി ആവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ളവ കൈക്കൊണ്ടതായി പത്തനംതിട്ട കളക്ടര്‍ അറിയിച്ചു. മകരവിളക്കിന്റെ എട്ട് പ്രധാനപ്പെട്ട വ്യൂപോയന്റുകളില്‍ പരിശോധന നടത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആവശ്യമായ റവന്യൂ ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ക്ക് 11ന് പരിശീലനവും നല്‍കും. ഏമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സജ്ജമാക്കിയതായി ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.