ഉദയകുമാര്‍ കൊല്ലപ്പെട്ടത് പൊലീസിന്റെ ഉരുട്ടല്‍ കൊണ്ടാണെന്ന് ഡോക്ടറുടെ മൊഴി

തിരുവനന്തപുരം : 12 വര്‍ഷം മുമ്പ് നെടുങ്കാട് സ്വദേശി ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ടത് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള പൊലീസിന്റെ ഉരുട്ടല്‍ കൊണ്ടാണെന്ന് ഡോക്ടറുടെ മൊഴി.ഉദയകുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശ്രീകുമാരി സിബിഐ കോടതിയില്‍ തിങ്കളാഴ്ച നടന്ന സാക്ഷി വിസ്താരത്തിലാണ് ഇങ്ങനെ മൊഴി നല്‍കിയത്.

ഉദയകുമാറിന്റെ തുടയിലെ മസിലുകള്‍ ശക്തമായ മര്‍ദ്ദനത്തില്‍ തകര്‍ന്നിരുന്നു. മരിക്കുന്നതിന് മൂന്ന് മുതല്‍ 24 മണിക്കൂറിനകമാവാം മര്‍ദ്ദനമേറ്റത്. പൂര്‍ണ ആരോഗ്യവാനായിരുന്ന ഉദയകുമാറിന് തക്കസമയത്ത് വിദഗ്ദ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും ഡോക്ടര്‍ മൊഴി നല്‍കി.2005 സെപ്തംബര്‍ 27നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്.ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിന്റെ പക്കല്‍ കാണപ്പെട്ട നാലായിരം രൂപയുടെ ഉറവിടത്തെക്കുറിച്ചുള്ള സി.ഐയുടെ ക്രൈം സ്‌ക്വാഡിന്റെ ചോദ്യം ചെയ്യലിന്റെ ഭാഗമായിരുന്നു ഉരുട്ടലെന്നാണ് സിബിഐ കേസ്. ഫോര്‍ട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതികളായ കേസിന്റെ ആദ്യ വിചാരണയില്‍ സാക്ഷികള്‍ കൂട്ട കൂറുമാറ്റം നടത്തിയിരുന്നു. പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെക്കൂടി പ്രതികളാക്കി കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു.