ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തലാക്കാനൊരുങ്ങി യു.എസ്

വാഷിങ്ടണ്‍: ഫലസ്തീനുള്ള സഹായവും നിര്‍ത്തലാക്കും- പുതിയ താക്കീതുമായി ട്രംപ്.ജറൂസലം ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തലാക്കാനാണു ട്രംപിന്റെ തീരുമാനം യു.എസ്. ജറൂസലം തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധിക്കുന്നതിനിടെയാണ് പുതിയ നീക്കവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്റര്‍ വഴിയാണ് ട്രംപ് പുതിയ നീക്കത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്. ‘ പാകിസ്താന് മാത്രമല്ല വേറയും രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. വര്‍ഷത്തില്‍ നൂറുകണക്കിന് ഡോളറാണ് യു.എസ് ഫലസ്തീന് നല്‍കുന്നത്. എന്നാല്‍ അവര്‍ യു.എസിനെ അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ഇസ്രാഈലുമായി സമാധാന ചര്‍ച്ചകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നില്ല’ -ട്രംപ് ട്വീറ്റ് ചെയ്തു. ഫലസ്തീനികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെങ്കില്‍ എന്തിനാണ് തങ്ങള്‍ ഇത്രയും വലിയ തുക അവര്‍ക്ക് നല്‍കുന്നതെന്നും ട്രംപ് ചോദിച്ചു.