തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

കോട്ടയം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട്  മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. വിജിലന്‍സിന്റെ ത്വരിത അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സിന്റെ ശുപാര്‍ശകള്‍ കോടതി അംഗീകരിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി. വരുന്ന 18നു കേസ് വീണ്ടും പരിഗണിക്കും.

ആലപ്പുഴ ലേക് പാലസ് റിസോർട്ടിനു സമീപത്തുകൂടെ വലിയകുളം മുതൽ സീറോ ജെട്ടി വരെയുള്ള റോഡ് നിർമാണത്തിൽ ക്രമക്കേടുണ്ടെന്നും മുൻ മന്ത്രി തോമസ് ചാണ്ടിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് വിജിലൻസിന്റെ ശുപാർശ. റോഡ് നിർമാണത്തിന് എംപി ഫണ്ടിൽ നിന്നു പണം അനുവദിച്ച രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുൻ എംപി കെ.ഇ.ഇസ്‌മായിൽ എന്നിവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിജിലൻസ് റേഞ്ച് എസ്പി: എം.ജോൺസൺ ജോസഫ്, വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ആലപ്പുഴ സ്വദേശി നൽകിയ പരാതിയിൽ നവംബർ നാലിനാണു തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണത്തിനു കോടതി ഉത്തരവിട്ടത്.

സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് നികത്തിയതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ടതിനാൽ അഴിമതി നിരോധന നിയമം നിലനിൽക്കുമെന്നു വിജിലൻസ് കണ്ടെത്തി. നെൽവയൽ നീർത്തട സംരക്ഷണ നിയമപ്രകാരം ജില്ലാ, സംസ്ഥാന നെൽവയൽ സംരക്ഷണ സമിതികളുടെയും സർക്കാരിന്റെയും അനുമതിയില്ലാതെ 2008നു ശേഷം വയൽ നികത്താൻ കഴിയില്ല. എന്നാൽ, ഇതു ലംഘിച്ച് ഒരു അനുമതിയുമില്ലാതെ സ്വകാര്യ വ്യക്തികളുടെ വയൽ നികത്തി റിസോർട്ടിനു സമീപത്തുകൂടെ റോഡുണ്ടാക്കുകയായിരുന്നു. 2013ൽ രണ്ട് എംപിമാരും ഹാർബർ എൻജിനീയറിങ് വകുപ്പും റോഡ് നിർമിക്കുന്നതിനായി പണം അനുവദിച്ചു. ജനങ്ങളുടെ താൽപര്യം കണക്കിലെടുക്കാതെ റിസോർട്ട് വരെ റോഡ് നിർമിക്കുകയും മറ്റു ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തു. 28.5 ലക്ഷം രൂപയാണ് ടാറിങ്ങിനായി ചെലവിട്ടത്.

പത്മകുമാർ, സൗരഭ് ജെയിൻ തുടങ്ങിയ കലക്ടർമാരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പരിശോധനയ്ക്കു ശേഷമാണ് എംപിഫണ്ടിൽ നിന്നു പണം അനുവദിച്ചത്. ഫലത്തിൽ ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. നേരത്തെ നൽകിയ റിപ്പോർട്ട് അപൂർണമാണെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ മടക്കിയിരുന്നു. മുൻ കലക്ടർമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും റോഡ് നിർമിച്ച സ്ഥലത്തെക്കുറിച്ചു വ്യക്തത വരുത്തണമെന്നും നിർദേശിച്ചാണു റിപ്പോർട്ട് മടക്കിയത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനു രണ്ടു തവണയായി 30 ദിവസമാണ് വിജിലൻസ് കോടതി അനുവദിച്ചത്. ആദ്യം ആലപ്പുഴ കലക്ടറുടെ കൈവശമുള്ള ബന്ധപ്പെട്ട ഫയൽ ലഭിച്ചില്ലെന്നും പരാതി സംബന്ധിച്ച സ്ഥലം അളന്നു തിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. തോമസ് ചാണ്ടി, മുൻ കലക്ടർ, സബ് കലക്ടർ എന്നിവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നാണു കഴിഞ്ഞ തവണ കാരണം പറ‍ഞ്ഞത്. തോമസ് ചാണ്ടി വിദേശത്താണെന്നും വ്യക്തമാക്കിയിരുന്നു.