31 സാറ്റ്‌ലൈറ്റുകളുമായി പറന്നുയരാന്‍ പി.എസ്.എല്‍.വി

 പി.എസ്.എല്‍.വിയുടെ അടുത്ത വിക്ഷേപണം ജനുവരി 10ന് രാവിലെ 9.30ന് നടക്കും. പി.എസ്.എല്‍.വി 40 റോക്കറ്റാണ് ജനുവരി 10ന് പറന്നുയരുക. അമേരിക്കയുടെ 28 ഉള്‍പ്പെടെ 31 സാറ്റ്‌ലൈറ്റുകളാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ ഭൗമ നീരീക്ഷണ ബഹിരാകാശ വാഹനമായ കാര്‍ടോസാറ്റ് 2വും ഇതില്‍ ഉള്‍പ്പെടും. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. 2017 ജൂണിലാണ് കാര്‍ട്ടോസാറ്റ് രണ്ടാം സീരീസ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ചത്.

2018ലെ ഐ.എസ്.ആര്‍.ഒയുടെ ആദ്യ ദൗത്യമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഒരു പരാജയം ഒഴിച്ചാല്‍ ഐ.എസ്.ആര്‍.ഒക്ക് എല്ലാം വന്‍ നേട്ടങ്ങളായിരുന്നു. ജി.എസ്.എല്‍.വി എം.കെ യുടെ വിക്ഷേപണം തന്നെയാണ് 2017ലെ വലിയ നേട്ടം. കൂടാതെ ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങളുടെ വിക്ഷേപണം വന്‍ സംഭവമായി. സ്വകാര്യ മേഖലയെ ബഹിരാകാശ മേഖലയിലേക്ക് പ്രവേശിപ്പിക്കുന്നതിനും 2017 ല്‍ തുടക്കമിട്ടു. ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് ഭാവിയില്‍ ഉണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. 2017 ഫെബ്രുവരി 15നാണ് പി.എസ്.എല്‍.വി സി 37 ല്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ജൂണില്‍ 31 ഉപഗ്രഹങ്ങള്‍ വീണ്ടും വിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം 130 ഉപഗ്രഹങ്ങളാണ് ഐ.എസ്.ആര്‍.ഒ ലക്ഷ്യത്തിലെത്തിച്ചത്. 19 രാജ്യങ്ങളാണ് ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ഇന്ത്യയെ സമീപിച്ചത്.