പാക് സേന കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി

കറാച്ചി: യുദ്ധസാഹചര്യം വരികയാണെങ്കില്‍ പ്രതികരിക്കാന്‍ തയ്യാറാണെന്നറിയിച്ച് പാക് സേന കടലില്‍ മിസൈല്‍ പരീക്ഷണം നടത്തി. ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ഇനത്തിലുള്ള പ്രതിരോധ മിസൈലാണ് വടക്കന്‍ അറബിക്കടലില്‍ പരീക്ഷിച്ചത്. പരീക്ഷണം വമ്പന്‍ വിജയമായിരുന്നുവെന്ന് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ സഫര്‍ മഹ്മൂദ് അബ്ബാസി അവകാശപ്പെട്ടു.

ഹര്‍ബ നേവര്‍ ക്രൂയിസ് മിസൈല്‍ എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ പ്രതിരോധ മിസൈല്‍ കരയിലെ ലക്ഷ്യങ്ങളിലേക്കും എത്തിക്കാനാവും. 63 മീറ്റര്‍ നീളമുള്ള മിസൈലില്‍ സെന്‍സറുകളും ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഇന്നു ഉച്ചയോടെയാണ് മിസൈലിന്റെ വിജയകരമായ പരീക്ഷണം നടത്തിയത്. പ്രതിരോധ രംഗത്ത് സ്വയം പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ ഇതിനായി വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്ന് മഹ്മൂദ് അബ്ബാസി പറഞ്ഞു.