നോട്ട് നിരോധനം, ജി.എസ്.ടി: ഇന്ത്യന്‍ ജി.ഡി.പി 7 ശതമാനത്തിലും താഴെ പോകുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ജി.എസ്.ടിയിലെ അപാകതകളും നോട്ട് നിരോധനവും കാരണമായി ഈ സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് ഏഴു ശതമാനത്തിലും താഴെ പോകുമെന്ന് വിദഗ്ധര്‍.

2015-16 വര്‍ഷത്തെ വളര്‍ച്ചാ നിരക്കായ 8 ശതമാനത്തെ അപേക്ഷിച്ച് 2016-17 വര്‍ഷത്തില്‍ 7.1 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായിരുന്നത്.

”ഈ സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി 7 ശതമാനം കടക്കുക പ്രയാസമായിരിക്കും. മൂന്നും നാലും പാദത്തില്‍ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്”- എസ്.ബി.ഐ ഗവേഷണ മേധാവി സൗമ്യ കാന്തി ഘോഷ് പറഞ്ഞു.

ഇതേ നിലയാണ് തുടരുന്നതെങ്കില്‍ 2017-18 വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.5 ശതമാനം മാത്രമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

ജി.ഡി.പി നിരക്ക് ഇടിയുമെന്ന വാദം തന്നെയാണ് ആസൂത്രണ കമ്മിഷന്‍ മുന്‍ ഡെപ്യൂട്ടി ചെയര്‍മാര്‍ മോണ്‍ടെക് സിങ് അലുവാലിയയും ഉന്നയിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 6.2 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയ്ക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തെ ഗ്രോസ് വാല്യൂ ആഡഡ് (ജി.വി.എ) 6.6- 6.8 വരെയാരിക്കുമെന്ന് ആക്‌സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സുഗത ഭട്ടാചാര്യ പറഞ്ഞു.