ലോകമാപ്പില്‍ നിന്ന് ഇന്ത്യയുടെ തലയായ കശ്മീരിനേയും, അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി ചൈനീസ് നിര്‍മ്മിത ഗ്ലോബുകള്‍

ടൊറാന്റോ: ലോകമാപ്പില്‍ നിന്ന് ഇന്ത്യയുടെ തലയായ കശ്മീരിനേയും, അരുണാചല്‍ പ്രദേശിനേയും വെട്ടിമാറ്റി ചൈനീസ് നിര്‍മ്മിത ഗ്ലോബുകള്‍. കാനഡയിലെ കടകളിലാണ് ഇന്ത്യയെ വികൃതമാക്കിയുള്ള ഗ്ലോബുകള്‍ വില്‍പ്പനയ്‌ക്കെത്തിയത്.

പുതിയ മാപ്പില്‍ തികച്ചും സ്വതന്ത്രമായ കശ്മീരും, അരുണാചല്‍ പ്രദേശിനേയുമാണ് നമ്മുക്ക് കാണാന്‍ കഴിയുക. കഴിഞ്ഞ മാസം ഡിസംബറില്‍ കാനഡയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഗ്ലോബുകളിലാണ് ഇത്തരം രീതിയില്‍ ഇന്ത്യയെ
ചിത്രീകരിച്ചിരിക്കുന്നത്.

ഡിസംബറില്‍ തന്നെ ഇന്തോ കനേഡിയന്‍ സംഘടനകളും, കാനഡയിലെ ബിജെപി നേതാക്കളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവര്‍ ഗ്ലോബിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ സുഷമാ സ്വരാജിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ മാധ്യമങ്ങളോ, രാഷ്ട്രീയക്കാരോ, ആരും തന്നെ ഇത് ശ്രദ്ധിച്ചതായി കണ്ടിട്ടില്ല.

അതേ സമയം, കാനഡയിലെ പലര്‍ക്കും ഇത്തരത്തിലുള്ള ഗ്ലോബുകളാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പുതുവര്‍ഷത്തില്‍ മകളുടെ ആവശ്യപ്രകാരം ഗ്ലോബ് വാങ്ങിയ ഇന്ത്യോ-കനേഡിയന്‍ സ്വദേശിയായ സന്ദീപ് ദേശ്വാള്‍ ആണ് ഇപ്പോള്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗ്ലോബ് കൈയ്യില്‍ കിട്ടിയ മകള്‍ക്ക് ഗ്ലോബില്‍ ഇന്ത്യയെയും കാനഡയേയും കണ്ടെത്താനായില്ല. അപ്പോഴാണ് ഗ്ലോബില്‍ ഇന്ത്യയുടെ തല കാണാനില്ലെന്ന കാര്യം വ്യക്തമായത്. നേരത്തെ ഇത്തരം വിവാദങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. ഇന്തോ-കനേഡിയന്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ഇപ്പോഴും വിപണിയില്‍ ഇത്തരം ഗ്ലോബുകള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ടെന്നാണ് നിഗമനം.

ടൊറാന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സാധ് ജോഷിക്കും ഇത്തരം ഒരു അനുഭവം ഉണ്ടായതായി പറഞ്ഞു. ജമ്മുകശ്മീര്‍ ഭൂഗോളത്തിലെ ഒരു ‘തര്‍ക്ക പ്രദേശം’ ആയി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

നമ്മുടെ രാജ്യം ഇങ്ങനെ വിഭജിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ ശക്തമായ തീരുമാനം എടുക്കണമെന്നും സന്ദീപ് ദേശ്‌വാള്‍ സൂചിപ്പിച്ചു. ഇത്തരം പ്രവണതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ഇത്തരം ഗ്ലോബുകള്‍ എല്ലായിടത്തു നിന്നും പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാനഡയില്‍ നിലവില്‍ എത്തിച്ചേര്‍ന്ന എല്ലാ മാപ്പ് കടകളില്‍ നിന്നും ഇത്തരം ഗ്ലോബുകള്‍ കണ്ടെത്തി നശിപ്പിക്കാനാണ് ഇന്തോ കനേഡിയന്‍ സംഘടനയുടെ തീരുമാനം. തെറ്റായ മാപ്പുകള്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്ന് ഇന്തോ കനേഡിയന്‍ സംഘടനയുടെ വക്താവ് പറഞ്ഞു.

ഇന്ത്യയെ നശിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നോക്കുന്നതിന്റെ ഭാഗമായാണ് ചൈനയുടെ ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കി. തുടര്‍ന്ന് പ്രമുഖ ആഗോള റീട്ടെയിലര്‍ കമ്പനിയായ കോസ്റ്റോ, ഉല്‍പന്നം വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിച്ചു.