ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി

കൊച്ചി: ഫോണ്‍കെണി കേസില്‍ കേസിലെ ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു. മുൻമന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റുന്നതിനു തൊട്ടുമുൻപാണ് നീക്കം. കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവരും ആവശ്യപ്പെട്ടിരുന്നു. എന്താണ് കോടതിയില്‍ നടന്നതെന്ന് അറിയില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. ഈ സംഭവങ്ങള്‍ക്ക് പിന്നിലെ പാര്‍ട്ടിയിലെ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനവും ഹര്‍ജി പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കേസ് ഒത്തുതീര്‍പ്പാക്കി മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള ശശീന്ദ്രന്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാകും. കേസ് റദ്ദായാല്‍ ഉടന്‍ എല്‍ഡിഎഫിനെ സമീപിക്കാനായിരുന്നു എന്‍സിപിയുടെ തീരുമാനം.വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കിയാൽ വിചാരണ വേളയിൽ കേസു തന്നെ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരെടുത്തിരുന്ന നിലപാട്.

കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പായെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവർത്തക ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയായിരിക്കെ ശശീന്ദ്രൻ 2016 നവംബർ എട്ടിനു ചാനൽ പ്രവർത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.

ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരാതിക്കാരി ഹര്‍ജി പിന്‍വലിച്ചതെന്ന് കരുതുന്നു. പരാതിക്കാരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാം എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കി ഹര്‍ജി പിന്‍വലിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി പിന്‍വലിക്കാനുള്ള പരാതിക്കാരിയുടെ നീക്കം.