സൂപ്പർ രക്ഷാകർത്താവ് ആകരുത് എന്ന തിരിച്ചറിവ്

ബാലഗോപാൽ .ബി .നായർ

മതം മാറിയ ശേഷം മറ്റൊരു മതത്തിൽ പെട്ട വ്യക്തിയെ വിവാഹം കഴിച്ച വൈക്കം സ്വദേശി അഖില എന്ന ഹാദിയെ അച്ഛന് ഒപ്പം വിടണമോ ഭർത്താവിന് ഒപ്പം വിടണമോ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽ തീപാറുന്ന വാദം നടന്നിട്ട് ഒന്നര മാസം പോലും കഴിഞ്ഞില്ല. 25 വയസ്സ് കഴിഞ്ഞ, പ്രൊഫെഷണൽ വിദ്യാഭ്യാസം കരസ്ഥമാക്കിയ അഖില എന്ന ഹാദിയയോട് രാജ്യത്തെ പരമോന്നത നീതിപീഠത്തിലെ ചീഫ് ജസ്റ്റിസും, രണ്ട് ജഡ്ജിമാരും അര മണിക്കൂറോളം തുറന്ന കോടതിയിൽ സംസാരിച്ചു. ഭർത്താവിന് ഒപ്പം പോകണം എന്നായിരുന്നു അഖില എന്ന ഹാദിയ കോടതിയിൽ സ്വീകരിച്ച നിലപാട്. എന്നാൽ പഠിക്കാൻ പോകാൻ ആയിരുന്നു കോടതിയുടെ ഉത്തരവ്.

2017 ന്റെ അവസാന മാസങ്ങളിൽ കേരളവും രാജ്യവും ഒക്കെ ആഴത്തിൽ ചർച്ച ചെയ്ത ആ ഉത്തരവ് പുറപ്പടിവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങുന്ന ബെഞ്ച് ആയിരുന്നു. അതേ ബെഞ്ചിന് മുന്നിൽ മലയാളി ആയ മറ്റൊരു പെൺകുട്ടി ഇന്ന് ഹാജർ ആയി. വിവാഹമോചനത്തിന് ശേഷം മക്കളുടെ അവകാശത്തെ സംബന്ധിച്ച് അച്ഛനും അമ്മയും തമ്മിൽ ഉള്ള തർക്കം ആണ് ആ പെൺകുട്ടിയെ സുപ്രീം കോടതിയിൽ എത്തിച്ചത്.

(ആ കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണെന്നും അതിനാൽ ഉത്തരവിൽ പോലും പെൺകുട്ടിയുടെ പേര് രേഖപെടുത്തരുത് എന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതി ആ ആവശ്യം അംഗീകരിച്ചതിനാൽ പേര് എഴുതാൻ കഴിയില്ല).

വിവാഹ ശേഷം മധ്യതിരുവിതാംകൂറിൽ നിന്നുള്ള ആ ഭർത്താവും ഭാര്യയും ഗൾഫിൽ ആയിരുന്നു. ഒരു പെൺകുട്ടിയും, ആൺകുട്ടിയും ആണ് ഇരുവർക്കും ആയി ഉള്ളത്. ഏതാണ്ട് 10 വർഷം മുമ്പ് ഇരുവരും വിവാഹമോചിതരായി. വിവാഹമോചനത്തിന് ശേഷം മക്കളുടെ കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ കുടുംബ കോടതിയെ സമീപിച്ചു. പെൺകുട്ടിക്ക് 18 വയസ്സ് ആകാൻ മാസങ്ങൾ മാത്രം ശേഷിക്കെ കസ്റ്റഡി അമ്മയ്ക്ക് കൈമാറി കോടതി ഉത്തരവ് ഇട്ടു. ആൺകുട്ടിയുടെ കസ്റ്റഡി അച്ഛനും കോടതി കൈമാറി. എന്നാൽ പഠനം തുടരുന്നതിനാൽ പെൺകുട്ടി നാട്ടിലോട്ട് വന്നില്ല. ഇതിനിടെ പെൺകുട്ടിയെ അന്യായമായി അച്ഛൻ കസ്റ്റഡിയിൽ വച്ചിരിക്കുന്നു എന്ന് ആരോപിച്ച് അമ്മ കേരള ഹൈകോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി. പെൺകുട്ടിയുടെ നിലപാട് കേട്ട കോടതി ഹേബിയസ് കോർപ്പസ് ഹർജി തള്ളി.

ഇതിന് എതിരെ അമ്മ സുപ്രീം കോടതിയെ സമീപിച്ചു. വിദേശത്തുള്ള മകളെ ഹാജർ ആക്കാൻ അച്ഛനോട് കോടതി നിർദേശിച്ചു. ഇന്ന് അച്ഛനും അമ്മയും മകളും കോടതിയിൽ എത്തി. മകളോട് ആരോട് ഒപ്പം പോകണം എന്ന് കോടതി ആരാഞ്ഞു? ഇപ്പോൾ അച്ഛന് ഒപ്പം താമസിക്കുന്ന വിദേശ രാജ്യത്ത് ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഇന്റേൺഷിപ്പ് ചെയുക ആണെന്നും, അവിടെ മടങ്ങിപോകാൻ അനുവദിക്കണം എന്നും കോടതിയോട് അഭ്യർത്ഥിച്ചു.

പെൺകുട്ടിക്ക് 18 വയസ്സ് കഴിഞ്ഞതിനാൽ ഇഷ്ടം ഉള്ളെടുത്ത് പോകാൻ കോടതി അനുമതി നൽകി. പ്രായപൂർത്തിയായവർക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാം എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസും മറ്റ് രണ്ട് ജഡ്ജിമാരും കോടതികൾ പ്രായപൂർത്തിയായ സ്ത്രീയുടെയോ പുരുഷന്റെയോ സൂപ്പർ രക്ഷകർത്താവാകരുതെന്ന് വ്യക്തമാക്കി. കോടതികൾ രക്ഷകർത്താക്കൾ ആകെണ്ടതില്ല. പ്രായപൂർത്തിയായ സ്ത്രീക്ക് അവർ ഇഷ്ടപ്പെടുന്നിടത്തേക് യാത്രചെയ്യുകയും താമസിക്കുകയും ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഇവരുടെ രണ്ടാമത്തെ മകന് 18 വയസ്സ് തികയാത്തതിനാൽ വേനൽ അവധികാലത്ത് അമ്മയ്ക്ക് ഒപ്പം നിൽക്കാം എന്ന കുടംബ കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.

ഒരേ കോടതി, ഒരേ ജഡ്ജിമാർ, രണ്ട് പെൺകുട്ടികൾ, ഏതാണ്ട് സമാനം ആയ വിഷയം (ഒരിടത്ത് കല്യാണം ഹൈകോടതി റദ്ദാക്കി എന്ന വസ്തുത വിസമരിക്കുന്നില്ല). രണ്ട്‌ പെൺകുട്ടികളോടും കോടതി സംസാരിക്കുമ്പോൾ ഒന്നാം നമ്പർ കോടതിയുടെ പിൻവശത്ത് ആയി ഞാനും ഉണ്ടായിരുന്നു.

(റിപ്പോർട്ടർ ചാനൽ എഡിറ്റർ ആണ് ലേഖകൻ .അദ്ദേഹത്തിന്റെ എഫ് ബി പോസ്റ്റിനോട് കടപ്പാട് )