വി ടി ബൽറാം നിങ്ങൾ കൗമാരത്തിൽ ആരെയും പ്രണയിച്ചിട്ടില്ലേ ? മനസ്സ് കൊണ്ട് പോലും ?

സുനിതാ ദേവദാസ്

എന്റെ അമ്മമ്മ വിവാഹം കഴിച്ചത് 13 വയസ്സിലാണ് . ഇപ്പൊ അമ്മമ്മക്ക് 88 വയസ്സുണ്ടാവും . എല്ലാത്തരത്തിലും കരുത്തയായ അമ്മമ്മ ഇപ്പോഴും വിവാഹത്തെ കുറിച്ചും പഴയകാല വയനാടൻ കുടിയേറ്റത്തെക്കുറിച്ചുമൊക്കെ പറയാറുണ്ട് . എന്നാൽ അതിൽ എവിടെയും അമ്മച്ചൻ എന്ന പീഡോഫൈലിനെ കുറിച്ച് പറഞ്ഞിട്ടില്ല . 13 വയസ്സിലെ വിവാഹവും പിന്നീടുള്ള പ്രണയവും 15 വയസ്സിലെ പ്രസവവും ഒക്കെയെ ഉള്ളു.

ഇത് എന്റെ അമ്മമ്മയുടെ മാത്രം കാര്യമല്ല . മലബാറിലെ മിക്കവരും മുൻകാലഘട്ടത്തിൽ ഈ പ്രായത്തിലൊക്കെ വിവാഹം കഴിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ട് . തിരുവിതാം കൂറിലെ കാര്യം എനിക്ക് കൃത്യമായിട്ട് അറിയില്ല . എങ്കിലും ചരിത്രത്തിലൊക്കെ നേരത്തെ വിവാഹം കഴിച്ചവർ ധാരാളമുണ്ട് .

12 -13 വയസ്സുള്ള കുട്ടികൾക്ക് പ്രണയിക്കാൻ അറിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് കള്ളമാണ് . അവർക്ക് പ്രണയമുണ്ട് . പ്രണയിക്കാൻ അറിയാം . ഇപ്പോൾ ഞാൻ ക്യാനഡയിലാണ് . ഇവിടെയും കൗമാരക്കാർ പ്രണയിക്കുകയും സെക്സിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട് .

പ്രണയങ്ങൾ മുഴുവൻ പീഡനത്തിന്റെ പരിധിയിൽ കൊണ്ട് വന്നാൽ എങ്ങനെ ശരിയാവും ?

എ കെ ജിയും സുശീല ഗോപാലനും പ്രണയിച്ചിട്ടുണ്ടാവും . അന്ന് സുശീലക്ക് ചെറു പ്രായം ആയിരിക്കും . അതിലെന്താണ് അത്ഭുതം ?

എന്നാൽ എ കെ ജി ബാലികയെ പ്രണയിച്ചു . മുതിർന്നപ്പോൾ വിവാഹം കഴിച്ചു എന്ന് പറയുന്നത് പോലെയല്ല ബാലപീഡനം നടത്തി എന്ന് പറയുന്നത് . ഒളിവിൽ താമസിച്ച വീട്ടിലെ കുട്ടിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞാൽ കഥ മാറി .

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ നേതാവ് മറ്റൊരു രാഷ്ട്രീയപാർട്ടിക്കെതിരെ അവരുടെ നേതാവ് ബാലപീഡനം നടത്തി എന്ന് ആരോപിക്കുന്നത് . ആ പ്രസ്താവനക്ക് അതിന്റെതായ പ്രാധാന്യവുമുണ്ട് . അതിനാൽ ഒന്നുകിൽ വി ടി ബൽറാം പറഞ്ഞത് തെളിയിക്കണം . അതിനാവശ്യം സുശീല ഗോപാലന്റെ ഏറ്റ് പറച്ചില് ആവാം .. മറ്റെന്തെങ്കിലുമാവാം . അതിനു കഴിഞ്ഞില്ലെങ്കിൽ പൊതു സമൂഹത്തോട് മാപ്പു പറയണം .

ഇതോടൊപ്പം ഒന്ന് കൂടി പറയട്ടെ , നമുക്ക് അംഗീകരിക്കാൻ മടിയാണെങ്കിലും സത്യം ഇങ്ങനെയൊക്കെയാണ് .

1 . കുട്ടികൾ കൗമാര പ്രായത്തിൽ പ്രണയിക്കും . അവസരം കിട്ടിയാൽ കെട്ടിപ്പിടിക്കുകയോ ഉമ്മ വക്കുകയോ അതിനപ്പുറമോ ചെയ്യും.

2 . വിവാഹപ്രായമെത്തുമ്പോൾ പൊട്ടിമുളക്കുന്ന ഒന്നല്ല പ്രണയവും സെക്‌സും . കുട്ടി ജനിക്കുമ്പോൾ മുതൽ അത് ഇങ്ങനെ ഉണ്ട് .

3 . കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുന്നതും കുട്ടികൾ പ്രണയിക്കുന്നതും രണ്ടാണ് .

4 . മാതാപിതാക്കൾക്ക് ആകെ ചെയ്യാവുന്ന കാര്യം ആരെയൊക്കെ പ്രേമിക്കാം , പ്രേമിക്കാതിരിക്കാം , എന്താണ് സെക്സ് , അത് ആരുമായിട്ടൊക്കെ ആവാം, എന്താണ് സേഫ് സെക്സ് എന്നൊക്കെ പറഞ്ഞു കൊടുക്കുക എന്നത് മാത്രമാണ് .

എന്റെ അമ്മച്ചൻ ഒരു ബാലികാ പീഡകൻ ആയിരുന്നില്ല എന്നത് പോലെ തന്നെയാണ് പല അമ്മച്ഛന്മാരും . സാമൂഹ്യവ്യവസ്ഥിതി അങ്ങനെ ആയിരുന്നു . അവർ അതിനനുസരിച്ചു ജീവിച്ചു .

നിങ്ങളെല്ലാവരും നിങ്ങളുടെ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കു. കൗമാരം തുടങ്ങുമ്പോൾ മുതൽ മനം കവർന്ന എത്ര മുഖങ്ങൾ ഉണ്ടവിടെ ! അത് നാമൊക്കെ ബാലപീഡകരായത് കൊണ്ടല്ലല്ലോ …… ആണോ ?

വി ടി ബൽറാം നിങ്ങൾ കൗമാരത്തിൽ ആരെയും പ്രണയിച്ചിട്ടില്ലേ ? മനസ്സ് കൊണ്ട് പോലും ? ചങ്കിൽ കൈ വച്ച് ഇല്ലെന്നു പറയാമോ ?
ഉത്തരം പറയണമെന്നില്ല . പക്ഷെ ഇല്ല എന്ന് പറയരുത് . അത് കള്ളമായിപ്പോവും.