അന്ധരായ കുട്ടികളെ സഹായിക്കുന്നതിന് ഷെയ്‌ന സമാഹരിച്ചത് 4350 ഡോളര്‍

കലിഫോര്‍ണിയ: ഷെയ്‌ന വിദ്യനന്ദിന് വയസ്സ് പതിനൊന്ന്.  ഈ പതിനൊന്നുകാരിയുടെ ആഗ്രഹം ഇന്ത്യയിലെ അന്ധരായ കുട്ടികള്‍ക്ക് കാഴ്ച ലഭിക്കണമെന്നതാണ്. നല്ലൊരു ചിത്രകാരിയായ ഷെയ്‌ന അതിനുള്ള പണസമാഹരണത്തിന് തിരഞ്ഞെടുത്തതു ചിത്രരചനയാണ്. താന്‍ വരച്ച ചിത്രം വില്‍പന നടത്തി 4350 ഡോളര്‍ സമാഹരിച്ചു. അത്രയും തുക ശങ്കര ഐ ഫൗണ്ടേഷന് സംഭാവന നല്‍കി. ഇന്ത്യന്‍ ഗ്രാമ പ്രദേശങ്ങളില്‍ അന്ധരായി കഴിയുന്ന 150 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി കാഴ്ച ലഭിക്കുന്നതിന് ഈ തുക മതിയാകുമെന്നാണ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പറയുന്നത്.കന്നഡയും തമിഴും ഇംഗ്ലീഷും നന്നായി സംസാരിക്കുവാന്‍ കഴിയുന്ന ഷെയ്‌നക്ക് കൂടുതല്‍ കുട്ടികളെ സഹായിക്കണമെന്നാണ് ആഗ്രഹം. ഒരു വര്‍ഷം മുമ്പാണ് ഷെയ്‌ന ചിത്രരചന അഭ്യസിച്ചത്. കാന്‍വാസില്‍ മനോഹര ഓയില്‍ പെയ്ന്റിങ്ങ് നടത്തുവാന്‍ കഴിയുന്ന ഷെയ്‌നക്ക് പ്രോത്സാഹനം നല്‍കുന്നത് പ്രായാധിക്യത്താല്‍ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട  മുത്തശ്ശിയാണ്.