സംസ്‌കൃതിയുടെ ഉത്സവമാണ് കല: സ്പീക്കര്‍

തൃശ്ശൂര്‍: സംസ്‌കൃതിയുടെ ഉത്സവമാണ് കല എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. അന്പത്തിയെട്ടാമത്‌ സ്‌കൂൾ കലോത്സവം ഉത്‌ഘാടനം ചെയ്തു സനസാരിക്കുകയായിരുന്നു അദ്ദേഹം .സാംസ്‌കാരിക പ്രതിരോധം അത്യാവശ്യമായ നിലവിലെ സാഹചര്യത്തില്‍ കലാപരമായ ആവിഷ്‌കാരത്തിന്റെ സമന്വയം വേണം. സംസ്‌കാരം കലര്‍പ്പിന്റെ ഉത്സവമാണ്. കലോത്സവങ്ങള്‍ സാംസ്‌കാരിക പ്രതിരോധത്തിന്റെ ശക്തമായ സമ്മേളനമാണ്. എല്ലാ കലാരൂപത്തിന്റെയും ആവിഷ്‌കാര വേദിയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് അദ്ദേഹം പറഞ്ഞു.ജാതി മതഭേദങ്ങള്‍ക്കതീതമാവുമ്പോഴാണ് കല സംസ്‌കൃതിയുടെയും കലര്‍പ്പിന്റെയും ഉത്സവമാകുന്നത്. അതുകൊണ്ട് കലകളെ പരിപോഷിപ്പിക്കാനുളള ഒട്ടേറെ മാതൃകകള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. സംസ്‌കാരം ശുദ്ധമായിരിക്കണമെന്നും കലര്‍പ്പ് പാടില്ലെന്നുമുള്ള വളര്‍ന്നുവരുന്ന ചിന്ത ശരിയല്ല. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കലോത്സവ പ്രതിഭകളെ കേരളത്തിന്റെ അഭിമാനമാക്കി വളര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കലോത്സവം, കായികോത്സവം, ശാസ്‌ത്രോത്സവം എന്നിവയിലൂടെ ഉയര്‍ന്നു വന്ന പ്രതിഭകളെ ഒന്നിച്ച് ചേര്‍ത്ത് സര്‍ക്കാര്‍ സര്‍ഗോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യവേദിയുടെ പേരിലുളള നീര്‍മാതാളതൈ നല്‍കിയാണ് ഉദ്ഘാടകനായ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കലോത്സവവേദിയിലേക്ക് സ്വാഗതം ചെയ്തത്.
മേയര്‍ അജിത ജയരാജന്‍, എം പി മാരായ സി എന്‍ ജയദേവന്‍, പി കെ ബിജു, സി പി നാരായണന്‍, എം എല്‍ എ മാരായ അഡ്വ. കെ രാജന്‍, ഗീതാഗോപി, ബി ഡി ദേവസ്സി, കെ വി അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഇ ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ. വി ആര്‍ സൂനില്‍കുമാര്‍, യു. ആര്‍. പ്രദീപ്, പ്രൊഫ. കെ യു അരുണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, പി ജയചന്ദ്രന്‍, ജയരാജ് വാര്യര്‍, സൂര്യകൃഷ്ണാമൂര്‍ത്തി, മൃദംഗ വിദ്വാന്‍ ചേര്‍ത്തല എ കെ രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശികന്‍, സബ് കളക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.കേരളീയ തനതുകലകളുടെ വിസ്മയ ചെപ്പുതുറന്ന് തേക്കിന്‍കാട് മൈതാനത്ത് ഒരിക്കല്‍ കൂടി വര്‍ണ്ണപ്പൂരത്തിന്റെ കുടമാറ്റം. തനതുകലകളുടെ ദൃശ്യാവിഷ്‌ക്കാരവുമായി വിസ്മയ കാഴ്ചകളുടെ അകമ്പടിയോടെയാണ് 58-മത് സ്‌കൂള്‍ കലോത്സവത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തിരിതെളിയിച്ചത്. പ്രധാന വേദിയായ നീരമാതളത്തിനു മുന്നിലാണ് കണ്ണിനും മനസ്സിനും കുളിര്‍മ്മയേകുന്ന കേരളീയ തനതുകലകളുടെ അവതരണം നടന്നത്.
ചരിത്രത്തിലാദ്യമായി സ്‌കൂള്‍ കലോത്സവറാലിക്കു പകരമായി സൂര്യകൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ നടന്ന ദൃശ്യവിസ്മയത്തില്‍ 1000 കുട്ടികളുടെ മെഗാ തിരുവാതിരക്കളി, പൂരക്കളി, പുലിക്കളി, ഒപ്പന, വട്ടപ്പാട്ട്, കോല്‍ക്കളി, ചവിട്ടു നാടകം തുടങ്ങിയ കലകളുടെ അവതരണവും കാണികള്‍ക്ക് വേറിട്ട അനുഭവമായി. പ്രധാനവേദിയായ നീര്‍മാതളത്തിനു മുന്നിലെ 12 മരചുവടുകളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കലാരൂപങ്ങള്‍ ചുവടുവെച്ചത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പാരമ്പര്യ കലാവിഷ്‌ക്കാരങ്ങളെ ആധുനിക കാലത്തേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്.