ബിഷപ്‌ സൂസപാക്യം, കുരിശ്‌ എന്തിന്റെ പ്രതീകമാണ്‌ ?

ടൈറ്റസ്‌ കെ.വിളയില്‍

ക്രിസ്തുവിന്റെ കാലത്ത്‌
റോമാസാമ്രാജ്യത്തില്‍
രാജ്യദ്രോഹിയേയും ദൈവദൂഷിതനെയും
തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കുരിശ്‌,
ബഹുമാനപ്പെട്ട ബിഷപ്‌ സൂസപാക്യം,
അങ്ങേയ്ക്കും സഭയ്ക്കും എന്തിന്റെ പ്രതീകമാണ്‌?

കഴുത്തിലണിഞ്ഞും
കൊടുംകാട്ടിലും
റോഡരികിലും
സര്‍ക്കാര്‍ പുറമ്പോക്കിലും സ്ഥാപിച്ച്‌
സമ്മര്‍ദ്ദശക്തിയായി
രാജ്യത്ത്‌ നിലവിലിരിക്കുന്ന
നിയമങ്ങളെ വെല്ലുവിളിച്ച്‌
അശാന്തി സൃഷ്ടിക്കാനുള്ള
രാഷ്ടീയ ഉപകരണമാണോ?

മാര്‍പാപ്പ അടക്കമുള്ള ക്രൈസ്തവരെല്ലാം ഒന്നറിയണം:
കുരിശില്‍ ക്രിസ്തുവില്ല!
ബൈബിളില്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലേ?
ക്രിസ്തു കുരിശിനേയും മരണത്തേയും
തോല്‍പ്പിച്ച്‌ ഉയര്‍ത്തെഴുന്നേറ്റതല്ലേ?
പിന്നെ ആ കുരിശും ചുമന്നു നടന്നാല്‍
അതിലും ,അതു സ്ഥാപിക്കുന്നിടത്തും ക്രിസ്തു എങ്ങനെ വരാനാണ്‌?

ബിഷപ്പ്‌ സൂസപാക്യം,
സുപ്രീം കോടതിയുടെ വിധി രാജ്യത്തിലെ നിയമമണെന്ന്‌ അങ്ങേയ്ക്ക്‌ അറിയാമല്ലോ?
പൊതുസ്ഥലത്ത്‌ കുരിശ്‌ അടക്കമുള്ള മതചിഹ്നങ്ങള്‍ സ്ഥാപിക്കുന്നത്‌
സുപ്രീം കോടതി തടഞ്ഞിട്ടുള്ളതല്ലേ?
രാജ്യത്തിനും നിയമങ്ങള്‍ക്കും വഴങ്ങി ജീവിക്കാന്‍
കുര്‍ബാന മദ്ധ്യേ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നവര്‍ക്ക്‌
ഈ നിയമം ബാധകമല്ലേ?
(ഇത്‌ എല്ലാ മതവിഭാഗത്തിനും ബാധകമാണ്‌.എന്നാല്‍ ജനാധിപത്യഭരണക്രമത്തില്‍ മതാധിപത്യത്തിന്‌ വഴങ്ങുന്ന ഭരണകൂടപോക്രിത്തരമാണ്‌ പൊതുസ്ഥലത്ത്‌ ആരാധനാലയങ്ങള്‍ അനുവദിക്കുന്നത്‌.അധികാരവും അതിജീവനവും മാത്രം ലക്ഷ്യമിട്ട്‌ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നടത്തുന്ന ഈ നിയമലംഘനമാണ്‌ കുരിശും ത്രിശൂലവും കാണിക്കവഞ്ചിയും രൂപക്കൂടും പ്രതിമകളുമൊക്കെ സ്ഥാപിച്ച്‌ കോടതിയലക്ഷ്യം നടത്താനും പൊതുസമാധാനം ലംഘിക്കാനും അക്രമങ്ങള്‍ നടത്താനും മതസംഘടനകള്‍ക്ക്‌ ഹുങ്ക്‌ പകരുന്നത്‌)

സംഘടിതമതം എന്നത്‌ എന്തു തോന്ന്യാസവും കാണിക്കാനുള്ള സംവിധാനമോ ലൈസന്‍സോ അല്ല.
സ്നേഹവും സമാധാനവും സഹനവും സഹകരണവും മുഖമുദ്രയാക്കിയവര്‍ വേണം
അക്കാര്യം ആദ്യം പ്രവൃത്തിയായി വ്യാഖ്യാനിക്കേണ്ടത്‌.

ഈ തോന്ന്യാസത്തിലേയ്ക്ക്‌ ‘കുരിശുകൃഷിക്കാരെ’ തള്ളിവിടുന്നതിന്റെ
പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണുള്ളത്‌.
പാപ്പാത്തിമലയില്‍ റവന്യൂ ഭൂമി കൈയ്യേറനുള്ള മറയായി സ്ഥാപിച്ച കുരിശ്‌
ശ്രീരാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിയപ്പോള്‍
ഏറ്റവും രോഷാകുലനായതും
ഏറ്റവും അക്രോശിച്ചതും
മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരുന്നില്ലേ?
സഭകള്‍ പോലും പാപ്പാത്തിമലയിലെ കുരിശുകൃഷിയെ അപലപിച്ചിട്ടും
വോട്ടുബാങ്ക്‌ രാഷ്ട്രീയത്തിന്റെ ‘പിണറായി രോഷം’ അടങ്ങിയിരുന്നില്ലല്ലോ?

ചൊവ്വാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധം
വിശ്വാസികളെ അക്രമാസക്തരാക്കി
രാഷ്ട്രീയസ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള
തന്ത്രമാണെന്ന്‌ ക്രിസ്തുവിനും പൊതുസമൂഹത്തിനുമറിയാം.
ആ തീക്കളി നടത്താനല്ല,അതു തടയാനാകണം
കഴുത്തിലണിഞ്ഞിരിക്കുന്ന കുരിശ്‌ നല്‍കുന്ന
ആദരണീയസ്ഥാനം താങ്കള്‍ വിനിയോഗിക്കേണ്ടത്‌.

ബിഷപ്പ്‌ സൂസപാക്യം,
ലോകത്തെ ആശ്ലേഷിക്കാന്‍
തോളെല്ല്‌ ഒടിയുവോളം
ക്രിസ്തു നീട്ടിയ
കൈകളുടെ പ്രതീകമാണ്‌ കുരിശ്‌!
*
അതാകണം കുരിശ്‌
അതറിയണം, കഴുത്തില്‍ കുരിശുതൂക്കുന്നവര്‍!

അതുമറന്നുള്ള ഓരോ നീക്കവും
ഓരോ നവീന കുരിശുയുദ്ധത്തിനുള്ള
-നിയമലംഘനത്തിനുള്ള –
ആഹ്വാനമാണ്‌.
അതു വിനാശകരമാണ്‌;
ക്രിസ്തുവിന്‌ എതിരാണ്‌.