മൊഹാലി ടെസ്റ്റ് ഇന്ത്യക്ക് 134 റണ്‍സ് ലീഡ്; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

Ravichandran Ashwin dismissed Alastair Cook as India continued to pile on the pressure against England

മൊഹാലി: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 134 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ഇന്നിംഗ്‌സില്‍ അശ്വിന്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നടുവൊടിച്ചു. ഇന്നത്തെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 72ന് 4 എന്ന നിലയിലാണ്. ഇതില്‍ മൂന്നുവിക്കറ്റുകള്‍ അശ്വിനാണ് വീഴ്ത്തിയത്. ഇന്ത്യ വിജയത്തിലേക്ക് അടുക്കുന്ന ലക്ഷണമുണ്ട്.
രവിചന്ദ്ര അശ്വിന്‍ (72). രവീന്ദ്ര ജഡേജ (90), ജയന്ത് യാദവ്(55) എന്നിവരുടെ പെര്‍ഫോമന്‍സില്‍ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 138.2 ഓവറില്‍ 417 റണ്‍സ് നേടി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്ക്സ് അഞ്ചും ആദില്‍ റഷീദ് നാലും വിക്കറ്റുകള്‍ വീഴ്ത്തി.
ആറു വിക്കറ്റിന് 271 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യയെ മുന്നോട്ടു നയിച്ചത് രവീന്ദ്ര ജഡേജയാണ്. അശ്വിനുമൊത്ത് ഏഴാം വിക്കറ്റില്‍ 30.2 ഓവറില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ എട്ടാം വിക്കറ്റില്‍ ജയന്ത് യാദവുമായി ചേര്‍ന്ന് 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 170 പന്തില്‍ 10 ഫോറും ഒരു സിക്സും കണ്ടെത്തിയ ജഡേജയെ സെഞ്ച്വറിക്ക് പത്ത് റണ്‍സകലെ വെച്ച് ആദില്‍ റഷീദ് പുറത്താക്കുകയായിരുന്നു.
113 പന്തില്‍ 11 ഫോറിന്റെ സഹായത്തോടെ അശ്വിന്‍ 72 റണ്‍സ് നേടിയപ്പോള്‍ 141 പന്തില്‍ അഞ്ച് ഫോറിന്റെ അകമ്പടിയോടെ ജയന്ത് യാദവ് 55 റണ്‍സ് കണ്ടെത്തി. ഇന്ത്യയുടെ മധ്യനിരയുടെ തകര്‍ച്ച കണ്ട രണ്ടാം ദിവസം കോലിയും പൂജാരയുമാണ് വേറിട്ടു നിന്നത്. ഇരുവരും അര്‍ധശതകം പൂര്‍ത്തിയാക്കിയപ്പോള്‍ കരുണ്‍ നായരും രഹാനെയും മുരളി വിജയിയും പരാജയമായി.
നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 283 റണ്‍സിന് പുറത്തായിരുന്നു. 89 റണ്‍സ് നേടിയ ബെയര്‍‌സ്റ്റോവാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവും ജഡേജയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.