സതീശന്‍ നായര്‍ ലോക കേരള സഭ പ്രതിനിധി

ചിക്കാഗോ: ലോക മലയാളി പ്രവാസികള്‍ക്കായി കേരള സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരള സഭയിലേക്ക് അമേരിക്കയില്‍ നിന്നു സതീശന്‍ നായരേയും കേരള സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.

ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്തു വച്ച് ലോക കേരള സഭയുടെ ആദ്യ സമ്മേളനം നടക്കും. പ്രവാസി മലയാളികള്‍ക്കു പുറമെ എം.എല്‍.എമാരും, കേരളത്തില്‍ നിന്നുള്ള ലോക്‌സഭ, രാജ്യസഭാ എം.പിമാരും ഈ സഭയില്‍ അംഗങ്ങളായിരിക്കും. സഭാ നേതാവ് കേരള മുഖ്യമന്ത്രിയും ഉപനേതാവ് പ്രതിപക്ഷ നേതാവുമാണ്. ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറല്‍. കേരള സമൂഹവും സംസ്കാരവും ലോകമെമ്പാടും വ്യാപിച്ചുകഴിഞ്ഞെന്നുള്ള തിരിച്ചറിവാണ് ലോക കേരള സഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിനു നേതൃത്വം കൊടുക്കുക എന്ന കടന നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച വ്യക്തിയാണ് സതീശന്‍ നായര്‍. ഇപ്പോള്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ചിക്കാഗോ എന്നിവയുടെ വൈസ് പ്രസിഡന്റും, ഫൊക്കാന കണ്‍വന്‍ഷന്‍ 2018 ജനറല്‍ കണ്‍വീനര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളയുടെ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിക്കുന്ന സതീശന്‍ നായരുടെ ലോക കേരള സഭാ അംഗത്വം അദ്ദേഹത്തിനു ലഭിച്ച വലിയൊരു അംഗീകാരമാണ്.