നോട്ട് നിരോധനത്തില്‍ നഷ്ടം : ബിജെപി ഓഫീസിലെത്തി വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു

A palm

ഡെറാഡൂണ്‍: നോട്ട് നിരോധനത്തില്‍ നഷ്ടം സംഭിച്ചുവെന്ന് കാട്ടി ബിജെപി ഓഫീസിലെത്തി വ്യവസായി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തരാഖണ്ഡ് കാര്‍ഷിക മന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫീസിലെത്തിയാണ് പ്രകാശ് പാണ്ഡെയെന്നയാള്‍ വിഷം കഴിച്ചത്. വിഷം കഴിച്ചതിനു ശേഷം പാര്‍ട്ടി ഓഫീസില്‍ സംസാരിച്ചു കൊണ്ടു നില്‍ക്കവെ ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നു ഡോക്ടര്‍ അറിയിച്ചു.

ഉത്തരാഖണ്ഡ് സ്വദേശിയായ ഇയാള്‍ ചരക്ക് ഗതാഗത മേഖലയിലെ വ്യവസായിയായിരുന്നു. 2016 ല്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിതിനെ തുടര്‍ന്ന് വ്യാപാരത്തില്‍ തകര്‍ച്ച സംഭവിച്ചെന്ന് ആരോപിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് മന്ത്രി പറഞ്ഞു. കച്ചവടത്തില്‍ തകര്‍ച്ച സംഭവിച്ചതോടെ വ്യാവസായിക ആവശ്യത്തിനായി എടുത്ത ലോണുകളൊന്നും തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, ധനമന്ത്രിയ്ക്കും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും കത്തയച്ചിരുന്നു. ലോണുകള്‍ എഴുതി തള്ളണമെന്നും ഇയാള്‍ ബിജെപി ഓഫീസിലെത്തിയപ്പോള്‍ അറിയിച്ചിരുന്നു.

കൃഷി മന്ത്രിയ്ക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് ഇയാള്‍ കുഴഞ്ഞു വീണത്. കുഴഞ്ഞു വീണ ഇയാളെ ഉടന്‍ തന്നെ മന്ത്രിയുടെ കാറില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇയാള്‍ വിഷം കഴിച്ചിരുന്നുവെന്നാണ് സംശയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.