മുംബൈയില്‍ ശിവസേന നേതാവും മുന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗവുമായ അശോക് സാവന്തിനെവെട്ടി കൊലപ്പെടുത്തി

മുംബൈ: മുംബൈയില്‍ ശിവസേന നേതാവും മുന്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗവുമായ അശോക് സാവന്തിനെ(67) വെട്ടി കൊലപ്പെടുത്തി. മുംബൈയിലെ സമത നഗറിലുള്ള സാവന്തിന്റെ വീടിനു സമീപത്തുവച്ചായിരുന്നു ഇയാള്‍ക്കു നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച രാത്രി 11ന് സുഹൃത്തിനെ കണ്ട് മടങ്ങി വരുന്നതിനിടെയാണ് ഒരു സംഘം സാവന്തിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. തുടര്‍ന്നു സാവന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രണ്ടു പേരടങ്ങുന്ന സംഘമാണ് സാവന്തിനെ കൊലപ്പെടുത്തിയതെന്നും ഇയാളുടെ ശരീരത്തില്‍ 17 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്നും അക്രമികളില്‍ ഒരാളെ തിരിച്ചറിഞ്ഞതായും ഐപിസി 302 വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.