വേണമെന്നു തോന്നിയാല്‍ ബീഫും കഴിക്കും – യോഗിക്ക് മറുപടിയുമായി സിദ്ധരാമയ്യ

ന്യൂഡല്‍ഹി:വേണമെന്ന് തോന്നിയാല്‍ താന്‍ ബീഫും കഴിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ .ജനങ്ങളുടെ ഭക്ഷണശീലത്തില്‍ അനാവശ്യമായി ഇടപെടുന്നതിനെ ചോദ്യം ചെയ്തു കൊണ്ട് സിദ്ധരാമയ്യ യോഗിക്ക് മറുപടി നല്‍കി.

ഹിന്ദുവിശ്വാസികളില്‍ നിരവധിപേര്‍ ബീഫ് കഴിക്കാറുണ്ട്. എനിക്കിഷ്ടമില്ലാത്തതുകൊണ്ട് ഞാന്‍ കഴിക്കാറില്ല.വേണമെന്ന് തോന്നിയാല്‍ കഴിക്കും. ഞാന്‍ പശുവിനെ നോക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുമുണ്ട്. യോഗി ആദിത്യനാഥ് പശുവിനെ നോക്കാറുണ്ടോ. പിന്നെ എന്ത് അധികാരത്തിലാണ് എന്നെ വിമര്‍ശിക്കുന്നത്. സിദ്ധരാമയ്യ ചോദിച്ചു.

കഴിഞ്ഞ ദിവസത്തെ യോഗിയുടെ കര്‍ണാടക സന്ദര്‍ശനത്തിനു ശേഷമാണ് ഉരുവരും തമ്മില്‍ പോര് തുടങ്ങിയത്. ബീഫ് കഴിക്കുന്ന സിദ്ധരാമയ്യക്ക് ഹിന്ദുവാകാന്‍ കഴിയില്ലെന്ന് യോഗി ആരോപിച്ചിരുന്നു. ഹിന്ദുവായിരുന്നിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും യഥാര്‍ത്ഥ ഹിന്ദു ഇങ്ങനെ ചെയ്യില്ലെന്നും യോഗി വിമര്‍ശിച്ചു. ഇതിനെതിരെ സിദ്ധരാമയ്യ ആഞ്ഞടിച്ചു.

ഞങ്ങള്‍ പിന്തുടരുന്നത് സ്വാമി വിവേകാനന്ദന്റെ ഹിന്ദുത്വമാണ്, അല്ലാതെ ഗോഡ്‌സെയുടേതല്ലെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. പശുക്കളെക്കുറിച്ചും ഇവയെ കൊല്ലുന്നവര്‍ക്കെതിരേയും വിവേകാനന്ദന്‍ എന്താണ് പറഞ്ഞതെന്ന് വായിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലുള്ളതുപോലുള്ള ഭരണമല്ല കര്‍ണാടകയില്‍ നടത്തുന്നത്. യു.പിയില്‍ പട്ടിണികൊണ്ട് ആളുകള്‍ മരിക്കുകയാണ്. ഇന്ദിരാ കാന്റീന്‍ പോലുള്ള ഷോപ്പുകളുടെ സാന്നിധ്യത്തെക്കുറിച്ചും ഏതുരീതിയിലാണ് ഭരണം നടത്തുന്നതെന്നും മനസിലാക്കണമെങ്കില്‍ ബംഗളൂരുവിലേക്ക് വരണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

ഇതോടെ വീണ്ടും മറുപടിയുമായി യോഗി രംഗത്തെത്തി. കര്‍ണാടകയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തതിനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ടെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെപ്പറ്റിയും പറയുന്നില്ലെന്നും അദ്ദേഹം കുറിച്ചു. യു.പി മുഖ്യമന്ത്രിയെന്ന നിലയില്‍ നിങ്ങളുടെ സഖ്യകക്ഷി ദുരിതത്തെ നീക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്നും യോഗി ട്വീറ്റ് ചെയ്തു.